Feeds:
Posts
Comments

Posts Tagged ‘നഗരം’

ഒരു അവധിദിവസം രാവിലെ ചടഞ്ഞിരിക്കുമ്പോഴാണു ഫ്ലാറ്റ് ഉടമസ്ഥൻ റഹ്മത്തിന്റെ ഭാര്യ സുലേഖദീദി വന്നു വാതിൽ മുട്ടിയത്. ഒരു കാര്യം പറയുവാനുണ്ട് എന്നു മുഖവുര. നിന്റെ റൂം വല്ലാതെ നാറുന്നു, ഒന്നു വൃത്തിയാക്കുമോ?

ഹോ! അതെയോ പറഞ്ഞതിനു നന്ദി. കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു നന്ദിപ്രകടിപ്പിച്ചു.

അതുണ്ടല്ലോ നീ എപ്പോഴും ജനലടച്ചിരിക്കുന്നതു കൊണ്ടാവും, എപ്പോഴും ഇങ്ങനെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നാൽ ഇവിടെ എലിചത്തു നാറിയാലും അറിയില്ല. ചിരിക്കുന്ന ശബ്ദം മാത്രമുണ്ടാക്കി ഇക്കാര്യം വന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്നു ആവർത്തിച്ചു. ഒന്നും തോന്നരുതെന്ന ക്ഷമാപണത്തോടെ സുലേഖാദീദി കടന്നുപോയി. അവരുടെ മൂന്നു വയസ്സുള്ള മകൾ എന്റെ ബാത്ത്‌റൂമിൽ എന്നും കൃത്യതയോടെ മൂത്രമൊഴിച്ചു വെള്ളമൊഴിക്കാതെ ഓടിപ്പോകുന്നതിനെ കുറിച്ച് അപ്പോൾ ഓർത്തില്ല. ഓർത്താലോ?

ശരിയാണു ഞാൻ എന്റെ കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നു എല്ലായ്പ്പോഴും, മുറിവിട്ടിറങ്ങാറില്ല, ജനൽ തുറക്കാറില്ല. അതിനെന്താണു ഹേ? മണിക്കൂറുകൾ കമ്പ്യൂട്ടറിനു മുമ്പിൽ നിന്നും എഴുന്നേൽക്കാത്ത ജോലിക്കാർക്കു വേണ്ടി, ഞങ്ങളുടെ ഓഫീസ് വിരേചനൗഷധങ്ങൾ വിലകുറവിൽ വിപണനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. രണ്ടു മാസം മുമ്പു വാങ്ങിയ ഫോണിന്റെ കൂടു മുതൽ കഴിഞ്ഞ മഞ്ഞുകാലത്തു് അവസാനമായി ഊരിയിട്ട സ്വറ്റർ വരെ ഇവിടെ ഒരു കൊല്ലത്തെ മുഷിഞ്ഞതും അഴുക്കുപുരണ്ടതുമായ വസ്തുവഹകൾ കണ്ടേയ്ക്കും. വാടകക്കാരനായി വരുമ്പോഴേ ഈ റൂമിനു കൃത്യമായി ഒരു ചുമർ പണിയുവാൻ ആവശ്യപ്പെട്ടിരുന്നതല്ലേ? പകരം ഒരു കർട്ടണിട്ടു സമാധാനിച്ചത് ആരാണ്?

ഇതുകൂടെ കേട്ടോള്ളൂ, നിങ്ങളുടെ മകൾ കൂടെക്കൂടെ വൃത്തികേടാക്കാറുള്ള എന്റെ ബാത്ത്‌റൂം ഞാൻ ആറുമാസത്തിലൊരിക്കലാണു കഴുകാറ്. അപ്പോൾ പ്രത്യേകം വാങ്ങുന്ന കൈയുറയും ബ്രഷും പിന്നെയൊരു ആറുമാസം വരേയും ആ ബാത്ത്‌റൂമിൽ കാണും (സത്യം പറയണമല്ലോ മൂക്കും വായും മൂടിക്കെട്ടി ബാത്ത്‌റൂം വൃത്തിയാക്കുന്ന ദിവസം ക്ലോസറ്റുകളും വാഷ് ബേസിനും വെളുത്തു മിനുങ്ങിക്കാണുമ്പോൾ അന്നത്തെ ദിവസമാണ് ആ കൊല്ലത്തിലെ ഏറ്റവും ക്രിയേറ്റീവ് ദിനമെന്നു തോന്നിപ്പോകാറുണ്ട്.)

ഉപയോഗിച്ച് അല്പം നരച്ചുപോയതും ചെറുതായി തുന്നലുകൾ വിട്ടുപോയതുമാ‍യ പഴയ തുണികൾ ഒരു കൂമ്പാരമാക്കി വച്ചു. യുണിസെഫിന്റെയൊ മറ്റോ ദാരിദ്രനിർമ്മാർജ്ജന പദ്ധതികൾക്കു സംഭാവന നൽകുവാൻ കഴിയുന്നെങ്കിൽ അങ്ങനെയാവട്ടെ. കട്ടിലും പുസ്തകക്കെട്ടും വലിച്ചു നീക്കി പൊടിയൊക്കെ തുടച്ചു. കഠിനമായ ജോലികൾ ചെയ്യുമ്പോൾ ആയാസമറിയാതിരിക്കുവാൻ ഏറ്റവും നല്ല വഴി ദേശഭക്തിഗാനങ്ങൾ ഉറക്കെ പാടുകയാണ്.

സാരെ ജഹാംസെ അച്ഛാ, ഹിന്ദൊസ്ഥാൻ ഹമാരാ..
ഹം ബുൽബുലേൻ ഹേ ഇസ് കീ, യെഹ് ഗുൽ‌സിതാൻ ഹമാര… ഹമാരാ…

പൊടി തുടച്ചും, പഴയ ബിസ്കറ്റ് കൂടും ഉപയോഗിച്ചു മുഷിഞ്ഞ അടിവസ്ത്രങ്ങളും പെറുക്കിയെടുത്തു കച്ചറയിലിട്ടും അരദിവസം കഴിഞ്ഞപ്പോൾ റൂം വെളുത്തു. ഇന്ത്യയ്ക്കു സ്വന്തമായി വേറെ ദേശഭക്തിഗാനങ്ങളില്ലാതായി.

ശ്രമദാനത്തിനു ശേഷം വാങ്ങിവച്ചിട്ടും വായിക്കാത്ത പുസ്തകങ്ങളുടെ കണക്കെടുക്കുമ്പോൾ മൂന്നു വയസ്സുകാരി സമീറ മടിച്ചു മടിച്ചു വാതിൽ തുറന്നുവന്നു. ഈ മുറിയിൽ ഒരു ഭൂതമുണ്ടെന്നു അമ്മ പറഞ്ഞല്ലോ! ശരിക്കുമുണ്ടോ?

ഓ അതെയോ, ഈ കട്ടിലിടിന്റെ അടിയിലാണോ? കട്ടിലിന്റെ അടിയിൽ ഒഴിഞ്ഞ ഹോർലിക്സ് കുപ്പി പോലും ഇല്ല. ശുദ്ധ ശൂന്യം. ഇല്ല ഇല്ല ഇവിടെങ്ങും ഭൂതമില്ല.

അവൾ പതിയെ കട്ടിലിലിരുന്നു. ഉറപ്പാണോ ഭൂതമില്ലല്ലോ?

ദീദീ ഞാൻ സമീറയ്ക്കൊരു സ്നിക്കേഴ്സ് ബാർ കൊടുത്തോട്ടേ?

ജീ സർക്കാർ. അടുക്കളയിലെ പാത്രത്തിൽ കിടന്നു ബംഗാളി മീൻ കറി മച്ചർ സോർഷെ ഝായ് വെന്തുതിളച്ചു. ദീദീ ഊണിനു ക്ഷണിക്കും.

ഞാൻ പോകുന്നു കേട്ടോ, സമീറ ചോക്ലേറ്റും കൊണ്ട് ഓടാനൊരുങ്ങി.

ഇനിയെപ്പൊ വരും?

ഭൂതമില്ലല്ലോ, ഇനിയെപ്പഴും വരാം.

വരണം കേട്ടോ.

Read Full Post »

എക്സിറ്റ് 73, ഡി 11

D11 -ലെ
Exit 73
Trade center R/a

സബീലിലേയ്ക്ക്
അബുദാബിയിലേയ്ക്ക്
ജുമീറയിലേയ്ക്ക്
ഗര്‍ഹൂദിലേയ്ക്ക്

ദുബായിലെ റോ‍ഡുകള്‍
ജീവിതത്തിന്റെ
രൂപകങ്ങളാകുന്നത്
വട്ടനെ വട്ടനെ കറങ്ങി-
യനവധി ഇടങ്ങളിലേയ്ക്ക്
വഴി
പിരിയുന്നതാലാണത്രെ

Read Full Post »

സ്റ്റാര്‍ബക്സിലെ അഞ്ചുമണി, മാള്‍ ഓഫ് ദി എമിരേറ്റ്സ് :-

പ്രാഞ്ചിക്കൊണ്ടു നടന്നു പോകുന്ന
വെളുത്ത തലമുടിക്കാരന്‍
വൃദ്ധന്‍
നിര്‍ബന്ധിത പ്രവാസി

ഐബീയെമ്മിലെ ‘റിസോഴ്സ്’ ശശി:
എം.എഫ് ഹുസൈനല്ലേ?

കഫേ അമേരിക്കാനോ –
അതിന്റെ കയ്പ്,
തലകുനിച്ചു്
ഉവ്വെന്ന് മൊഴിഞ്ഞു

ഫസ്റ്റ് ഇന്റര്‍ചേഞ്ചിനു ശേഷം, ഷേയ്ക്ക് സായദ് റോഡ് :-

കണ്ണിലേയ്ക്കു നോക്കിക്കൊണ്ടും
കള്ളങ്ങള്‍ പറയാമെന്നു പഠിപ്പിച്ച നഗരം
ചെറിയൊരു പോറലോടെ
ഉരുമ്മിക്കിടക്കുന്ന വാഹനങ്ങള്‍
പോരടിക്കുന്ന രണ്ടു മനുഷ്യര്‍
വെള്ളക്കാരന്റെ മുഖത്തേയ്ക്കിടിക്കുന്ന പഠാണ്‍
ദുബായ് ടാക്സിയുടെ ചോരപുരണ്ട യൂണിഫോം

ട്രാഫിക്കില്‍, ട്രേഡ് സെന്റര്‍ റൌണ്ട് എബൌട് :-

ഫോണ്‍ തുടങ്ങുന്നു
കേള്‍വിയില്‍ അപരിചിതന്‍
[ഡു നോട് ഫ്രോണ്‍…
നെറ്റിയില്‍ കൈവെള്ളയുടെ തണുപ്പ്
സഹപ്രവര്‍ത്തകയുടെ ഓര്‍മ്മ]
എന്റെ കണ്ണാടിയിലൊരു ജാരന്‍
‘കുട്ടാ, സുഖാണോ?
എനിക്കൊരു അറ്റാക്ക് വന്നൂടാ
ഇപ്പൊ തീരെ വയ്യ..’
വന്ന് കാണാനുള്ള ക്ഷണം
സ്വൈരിണി ഒരു പേരല്ല
ചേച്ചി അയലക്കറി വച്ചുതരുമെന്ന്
ഫോണ്‍ അവസാനിച്ചു

നഷ്ടപ്പെട്ട ഒരു വൈകുന്നേരം, ഗര്‍ഹൂദ് പാലം :-

എന്തു ഉയരമാണിതിന്!
നാഷണല്‍ ടാക്സിയിലെ ആലമിന്റെ അത്ഭുതം
ദുബായ് മുഴുവന്‍ കാണാം!

ശീലിച്ചു പഴകിയൊരു ദ്രാവകത്തിനു
പൊടുന്നനെ
വയറില്‍ കൊളുത്തിപ്പിടിച്ചു്
വേദനിപ്പിക്കുവാന്‍ കഴിയുന്നതെങ്ങനെയാണ്?

Read Full Post »

അല്‍ ഖാന്‍ പാലത്തിനു സമീപം വണ്ടിയിറങ്ങിക്കഴിഞ്ഞാല്‍ ഫ്ലാറ്റിലേയ്ക്കു തിരിച്ചുള്ള വരവിനു മൂന്നു വഴികളുണ്ടു്. തിരിച്ചുവരവുകള്‍ക്കു എപ്പോഴും ഒന്നില്‍ കൂടുതല്‍ വഴികളുണ്ടെന്നതാണ് ആശ്വാസം.

എന്നോടൊപ്പം ജോലി ചെയ്യുന്ന കുനാല്‍ ജെയിനിനുകൂടെ അവന്‍ അതിവാചാലത പ്രകടിപ്പിക്കുന്ന സ്റ്റോക്ക് മാര്‍ക്കറ്റ് വിശേഷങ്ങള്‍ക്കു ചെവി കൊടുത്തു് പാലം മുറിച്ചു കടന്നു് അല്‍ വാദയില്‍ ചെന്നു ടാക്സിക്ക് കയറുന്ന വിധമാണ് ആദ്യത്തെ വഴി. കുനാല്‍ അതിവിദഗ്ദമായി സെന്‍സക്സ് വിശേഷങ്ങള്‍ അറിയിക്കും, അവനു ബോംബേ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള വിവരങ്ങള്‍ മുന്‍‌കൂര്‍ ലഭിക്കാറുണ്ട്, അതനുസരിച്ചു അവന്‍ സ്റ്റോക്കുക്കള്‍ ശേഖരിക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്യുന്നു. എന്നോടും സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു കൈ നോക്കുവാന്‍ അവന്‍ ആവശ്യപ്പെടാറുണ്ട്, എന്നാല്‍ അവനുള്ള ലീഡ് എന്നോടൊപ്പം പങ്കുവയ്ക്കുമെന്നു സൂചിപ്പിച്ചിട്ടു പോലുമില്ലാത്തതിനാല്‍ ഞാനതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്.

രണ്ടാമത്തെ വഴിയേ നടന്നാല്‍ നേരെ മദീന സൂപ്പര്‍മാര്‍ക്കറ്റും കടന്ന് ജമാല്‍ അബ്ദുള്‍ നാസര്‍ തെരുവിലെത്തും. ഒപ്പം കുനാല്‍ വരികയില്ല; ഞാന്‍ ഒറ്റ. ആ വഴി നടന്നു ചെന്നാല്‍ ബുഹീറ കോര്‍ണിഷിലും ഖാലിദ് ലേക്കിലും എത്തിച്ചേരാം. ഖാലിദ് ലേക്കിന്റെ ഓരത്തൂടെയങ്ങ് നടന്നാല്‍ എന്റെ ഫ്ലാറ്റെത്തും, ആ വഴിയെയുള്ള നടത്തത്തിലെ ഏകാന്തതയും, വഴിയിലെ ഈന്തപ്പനത്തോട്ടവും, പഴയൊരു ചരക്കുക്കപ്പല്‍ പുനരുപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന ധൌ റെസ്റ്റോറന്റും എന്നെ ആകര്‍ഷിക്കുന്ന ചില വഴിക്കാഴ്ചകളാണു്. എന്നാലും ഖാലിദ് ലേക്കിനും ബുഹീറയിലെ കോര്‍ണിഷ് റോഡിനും ഇടയിലുള്ള ജോഗിങ് ട്രാക്കില്‍ ഓടുന്ന മനുഷ്യരെ ആരെയും ഞാന്‍ തിരിച്ചറിയാറില്ല.

അല്‍ ഖാന്‍ പാലത്തിനു സമീപം തന്നെ ടാക്സിക്കു കാത്തുനില്‍ക്കുകയാണെങ്കില്‍ ദുര്‍ലഭമായാണെങ്കിലും ടാക്സി ലഭിച്ചേയ്ക്കും. വൈകുന്നേരങ്ങളില്‍ ഷാര്‍ജയിലെ ടാക്സിക്കാര്‍ മടിയന്മാരും ദുര്‍മുഖം കാണിക്കുന്നവരുമാണു്. തിരക്കുള്ളയിടങ്ങളിലേയ്ക്കു സവാരി കയറുമോയെന്നു ശങ്കിച്ചേ അവര്‍ യാത്രക്കാരെ സമീപിക്കുകയുള്ളൂ. തിരക്കില്‍ പെടുമ്പോള്‍ അവര്‍ ചിലപ്പോള്‍ യാത്രക്കാരനെ ഭര്‍ത്സിച്ചേയ്ക്കാം. ആ പ്രതിരോധത്തില്‍ യാത്രയിലുടനീളം കഴിയേണ്ടി വരുന്നതു കൊണ്ടു ഞാന്‍ ആ തിരിച്ചുപോക്കുകള്‍ ഒഴിവാക്കുകയാണു പതിവു്. ചില തിരിച്ചുള്ള യാത്രകള്‍ പ്രതിരോധത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാണെപ്പോഴും.

ഇന്നു വഴികള്‍ പതിവില്ലാത്ത വിധം ഇടകലര്‍ന്നു പോയി. കുനാലിനൊപ്പം അല്‍ വാദയിലേയ്ക്കു നടന്നെങ്കിലും ടാക്സികള്‍ റോഡില്‍ നിന്നു് അപ്രത്യക്ഷരായതു പോലെ. അതുകൊണ്ടു വഴിയല്പം അധികം നടന്നാണെങ്കിലും ബുഹീറയിലേയ്ക്കും, അതുവഴി ഖാലിദ് ലേക്കിലേയ്ക്കും നടക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണ്ണം വിളയിക്കുന്ന കുനാലിന്റെ ഗുജറാത്തി ബാല്യകാലസുഹൃത്തുക്കളുടെ പേരുകള്‍ തികട്ടിവന്നു. ധനസമ്പാദനത്തിനെ കുറിച്ചു് ആവര്‍ത്തിച്ചുള്ള ഭാഷണങ്ങള്‍ ശര്‍ദിലിനു പ്രേരിപ്പിക്കുന്ന അനുഭവം ആവര്‍ത്തിച്ചില്ല, മറിച്ചു ഞാന്‍ ഒരു തിരിച്ചുപോക്കിനെ കുറിച്ചു വഴിയിലുടനീളം ഓര്‍ത്തോര്‍ത്തു പോന്നു.

ഒരു കൃത്രിമ തടാകത്തിന്റെ കരയില്‍ നിന്നു് അത്ര തന്നെ വലുപ്പമില്ലാത്ത മറ്റൊരു കൃത്രിമ തടാകത്തിന്റെ കരയിലേയ്ക്കുള്ള ദിനസരി എന്നു നിര്‍വചിച്ചുകൊണ്ടു ഞാന്‍ എന്റെ ജോലിയെ ലഘൂകരിക്കുവാന്‍ ശ്രമിക്കാറുണ്ടു്. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലെ ചെറിയ ജലശേഖരത്തിനു ഖാലിദ് ലേക്കിനുള്ളത്ര ആകാരവും, ലേക്കിനു രാത്രിയിലുള്ളത്ര ഭീകരതയുമില്ല. വളഞ്ഞു കിടക്കുന്ന ദീര്‍ഘമായ ഒരു ഡ്രൈവാണ് ലേക്കിനു ചുറ്റും.ലേക്കിനോടു ചേര്‍ന്നുള്ള കൈവരികളോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോഗിങ് ട്രാക്കിലെ കാല്‍‌വിളക്കുകളുടെ വെട്ടം തിരിച്ചറിയുകയില്ല. തൊട്ടുമുന്നില്‍ തടാകത്തില്‍ പരന്നു കിടക്കുന്ന ഇരുട്ടുമാത്രം, അക്കരെ കോര്‍ണിഷിലെ വെളിച്ചമുള്ള മുഴുവന്‍ കെട്ടിടങ്ങളും തടാകത്തില്‍ വീണു കിടക്കും. പ്രൌഢഗംഭീരമായ ഒരു നഗരത്തിലെ ദീപങ്ങളുടെ പ്രതിബിംബങ്ങളിലേയ്ക്കു നോക്കിക്കൊണ്ടു് എന്റെ ഭാഗത്തെ ഇരുട്ടില്‍ ഞാന്‍ മുങ്ങിനിവരും. ലേക്കിന്റെ അലുമിനിയം കൈവരികളില്‍ ചാരിനിന്നു അക്കരെയിലേയ്ക്കു ഞാന്‍ തലനീട്ടും, തടാകത്തിന്റെ അങ്ങേക്കരയിലെ ബഹുനിലക്കെട്ടിടങ്ങള്‍ വെളിച്ചത്തിന്റെ ഗോപുരങ്ങളാവും, അവയെന്നെ നഗരത്തിലേയ്ക്കു മാടിവിളിക്കും. നഗരം ഏകാന്തതയാണെന്ന് ഞാന്‍ ഏറ്റവും തീഷ്ണതയോടെ തിരിച്ചറിയുന്നത് അപ്പോഴാണു്.

ഇന്റര്‍നെറ്റ് സിറ്റിയിലെ രാത്രികള്‍ അങ്ങനെയല്ല. മൈക്രോസോഫ്റ്റ് ബില്‍ഡിങിനു മുന്‍‌വശത്തെ തടാകം മുറിച്ചുകടക്കുവാനുള്ള ചെറിയ പാലത്തില്‍ നിന്നു്, നീല വെളിച്ചം വിതറുന്ന ഡെല്‍ ബില്‍ഡിങിലേയ്ക്കു നോക്കുമ്പോള്‍ നഗരം വിഴുങ്ങുന്നുവല്ലോ എന്ന തോന്നലുണ്ടാകാറില്ല. രാത്രിയെ കുറിച്ചാകും ഓര്‍ക്കുന്നതെല്ലാം, ഉറക്കം വരും. മൊബൈലിന്റെ ക്യാമറയില്‍ ഒരിക്കലും ദൃശ്യചാരുതയോടെ പതിയില്ലെന്നറിഞ്ഞാലും ആ രാത്രിയെ ഒപ്പിയെടുക്കുവാന്‍ ഫോണിലെ ചെറിയ ക്യാമറയെ രാത്രിയിലേയ്ക്കു തിരിച്ചുവയ്ക്കും. ഒപ്പമുള്ളവര്‍ ആരെങ്കിലും അന്നു രാത്രിയില്‍ ചെയ്തു തീര്‍ക്കുവാനുള്ള പണികളെ കുറിച്ചോര്‍മ്മിപ്പിച്ചു തിടുക്കപ്പെടും.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു തടാകം മാത്രമല്ല. അവിടെയുള്ള ചമ്പയും, പ്ലാശും, ചെറിയ പേരാലുകളും, ഗുല്‍മോഹറും ഒട്ടനവധി പൂക്കളും പക്ഷികളുമെല്ലാം കൃത്രിമമായിയുള്ള സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കപ്പെട്ടതാണു്. സ്പ്രിംഗ്ലറുകള്‍ ഉച്ചയ്ക്കു നിന്നു ചെടികളും ലാന്‍ഡ്സ്കേപ്പിങും നനയ്ക്കുമ്പോള്‍ മഴയെ ഓര്‍ക്കുവാന്‍ ഞാന്‍ പുറത്തിറങ്ങാറുണ്ടു്. തിരിച്ചുപോക്കിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് കൊച്ചിയെയാണു്. കൊച്ചി മറ്റൊരു കൃത്രിമ ആവാസകേന്ദ്രമാകുവാനുള്ള തിരക്കിട്ട പണികളിലാണു്. മറ്റൊരു പേരില്‍, ഒരു പുതിയ പ്രോപര്‍ട്ടി ബ്രാന്‍ഡ്‌നെയിമിന്റെ മേല്‍‌വിലാസത്തില്‍ ഒരു കൃത്രിമതടാകവും, കുറേ മരങ്ങളും, കുറച്ചു പക്ഷികളും നട്ടുവളര്‍ത്താമെങ്കില്‍ ഞാന്‍ കൊച്ചിയിലേയ്ക്കും പ്രവാസിയായിപ്പോകും. എന്നിട്ടു തിരികെയുള്ള അനേകം വഴികളിലൊന്നിലൂടെ എന്നും ബൈക്കോടിക്കണം, വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ സഞ്ചരിക്കാവുന്ന ദൂരത്തുള്ള ഏതെങ്കിലും ഗ്രാമപ്രദേശത്തേയ്ക്കു ബൈക്കോടിച്ചെത്തണം.

ഡിഗ്രി ഫിസിക്സ് ക്ലാസിലെ ഡെയ്സണ്‍‌ന്റെ ഒപ്പമിരുന്നാണു് കൊച്ചിയിലേയ്ക്കു് ആദ്യം ബൈക്കോടിച്ചത്. എനിക്കും അവനും പ്രാന്തായിരുന്നു. സെന്റ്. തോമസിലേയ്ക്കു ബൈക്കോടിച്ചു് എത്തുന്ന ദിവസമെല്ലാം ഡെയ്സണ്‍ വന്നു പറയും, ‘വാ കേറ്. മട്ടാഞ്ചേരിക്ക് പൂവ്വാം.’

എന്നിട്ടെന്തിനാണെന്നല്ലേ, അവിടെ ഏതെങ്കിലും പള്ളിയുടെ അള്‍ത്താരയ്ക്കു മുന്നില്‍ എന്നെ തനിച്ചിരുത്തി അവനു് അന്തര്‍ധാനം ചെയ്യുവാന്‍! ഒറ്റയ്ക്കാവുന്ന സമയങ്ങളില്‍ അവന്‍ എന്തു ചെയ്യും? ആവോ, ഞാന്‍ അതിതുവരെ അന്വേഷിച്ചിട്ടില്ല.

തൃശൂരിലും അവന്‍ ഇതു തന്നെ ആവര്‍ത്തിക്കും, പുത്തന്‍‌പള്ളിയിലെ തിരുരൂപത്തിനു മുന്നില്‍ എന്നെ തനിച്ചിരുത്തി അവന്‍ അരിമാര്‍ക്കറ്റിന്റെ ഭാഗത്തേയ്ക്കൂര്‍ന്നു പോകും. ലോകത്തിലെ ഏറ്റവും ശാന്തിയുള്ള ഇടങ്ങള്‍ മനുഷ്യരില്ലാത്ത ദേവാലയങ്ങളാവണം, അതെന്നെ ഓര്‍മ്മിപ്പിക്കലായിരുന്നില്ല അവന്റെ ഉദ്ദേശ്ശമെന്നു തീര്‍ച്ച. ദേവാലയത്തിന്റെ നിലത്തു്, കനമുള്ള ചെരിപ്പുകള്‍ പതിയുമ്പോഴുണ്ടാകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കും. ഡെയ്സണ്‍ ഒന്നുരണ്ടടി അകത്തേയ്ക്കു നീങ്ങി നില്‍ക്കുന്നുണ്ടാവും. പോവാം? അതൊരു ആംഗ്യമാണു്. പിന്നെയൊരു ദിവസം അവന്‍ അരിമാര്‍ക്കറ്റില്‍ വെട്ടേറ്റ് മരിച്ചുവീണു. ഞാനപ്പോള്‍ പള്ളിക്കു പുറത്തെ പ്രാവുകളുടെ ചിറകടികള്‍ക്കു കാതോര്‍ക്കുകയായിരുന്നു.

ഡെയ്സണ്‍‌ന്റെ മരണത്തെ കുറിച്ചു മാത്രമായുള്ള ഓര്‍മ്മകളില്ല, ഞങ്ങള്‍ ഓര്‍മ്മകളില്‍ മരണപ്പെടാറില്ല. സപ്ലിമെന്ററി പരീക്ഷയ്ക്കു ഹാള്‍ ടിക്കറ്റ് വാങ്ങുന്നതും പരീക്ഷ എഴുതുന്നതും ഒരേ ദിവസം. തൃശൂരിലെ കോളേജ് ഓഫീസ് മുതല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ വരെ – മരണപ്പാച്ചില്‍. മരിച്ചെന്നു കരുതി കണ്ണ് തുറന്നു ഇല്ലെന്നു് ഉറപ്പു വന്നപ്പോള്‍ ബൈക്കോടിക്കുന്ന അവനോടു ചോദിച്ചു, ‘നീയെന്തു കരുതി?’

‘ഞാനും ഇപ്പോള്‍ കണ്ണു തുറന്നതേയുള്ളൂ.’ കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടുപോകുന്ന കെ.ടി.സിയുടെ ഫാസ്റ്റ് പാ‍സഞ്ചര്‍ ഞങ്ങള്‍ക്കും പുറകിലായി.

ഖാലിദ് ലേക്കിന്റെ ആദ്യത്തെ വളവില്‍ വെച്ചാണ് ഞാന്‍ ഡെയ്‌സണെയോര്‍ത്തതു്. ബൈക്കിന്റെ ആ ഒരു മൂളക്കമാണു് തിരിച്ചു പോകേണ്ടുന്ന ഒരു വഴി. ഡെയ്സണെ ഓര്‍ത്തുപോയ ആ വളവും കഴിഞ്ഞാണ് ഖാലിദ് ലേക്കിലെ ധൌ റെസ്റ്റോറന്റ് വരുന്നത്. ആ വഴി വരുമ്പോഴെല്ലാം റെസ്റ്റോറന്റിനു പുറത്തു പ്രദര്‍ശിപ്പിച്ചിട്ടുള്ള മെനുവിലെ മത്സ്യങ്ങളുടെ പേരുകള്‍ ഞാന്‍ സാകൂതം വായിക്കും. നാട്ടിലാകുമ്പോള്‍ പഠിച്ചെടുത്ത പേരുകളില്‍ ഇഷ്ടപ്പെട്ടുപോന്നതു ശുദ്ധജലമത്സ്യങ്ങളുടെ പേരായിരുന്നു. രോഹു, കട്‌ല, തിലാപ്പിയ എന്നീ പേരുകള്‍ ഓര്‍ത്തെടുത്തു് അച്ഛന്റെ കൃഷിയിടത്തിലൂടെ നടന്നു. ചെറിയ കുളത്തില്‍ മീനുകള്‍ പുളയുന്നുണ്ടായിരുന്നു. അച്ഛനു പക്ഷെ മത്സ്യങ്ങളുടെ പേരോര്‍മ്മയില്ല.

‘കണ്ടന്‍‍ രാ‍ത്രികയറി മോഷ്ടിച്ചു പിടിക്കുന്നുണ്ട്.’ അച്ഛന്‍ പരിഭവപ്പെട്ടു.

‘അച്ഛനത് ചോദിക്കുവാന്‍ ചെന്നുവോ?’ അച്ഛന്റെ മുഖം അസുഖപ്പെട്ടു ചുളിഞ്ഞു.

ആ ചെറിയ കുളം പണ്ടത്തെയൊരു കിണര്‍ വിസ്താരം വരുത്തിയെടുത്തതാണു്. ആ കിണറിനൊരു വേട്ടയുടെ പശ്ചാത്തലമാണു്. അച്ഛന്‍ ഒരു എയര്‍ഗണ്‍ പിടിച്ചു ആ കിണറിന്റെ സമീപത്തു നില്‍ക്കുന്ന ഓര്‍മ്മയുണ്ടു്. രാത്രിയാണ് പ്രാവുകളെ വേട്ടയാടുന്നതു്. കിണറിനു ചുറ്റും ചവറുകൂ‍ട്ടി കത്തിച്ചുകൂട്ടും. ഒന്നും രക്ഷപ്പെട്ടു പോകാതിരിക്കുവാന്‍ കിണര്‍ മതിലിനു ചുറ്റും ചെറിയ കണ്ണികളുള്ള വലയിട്ടു മൂടിപ്പിടിക്കും. കിണറ്റില്‍ ഏണിവച്ചിറങ്ങുന്ന ആരെങ്കിലും പ്രാവുകളെ തുരത്തും. പ്രാവുകള്‍ പൊങ്ങിപ്പറന്നു്, വലക്കണ്ണികള്‍ കഴുത്തു മുറുകിക്കിടക്കും.

ഞാന്‍ ചോദിച്ചു, ‘ഇവറ്റയെ എന്തു ചെയ്യും?’

ഗുരുവായൂരില്‍ കൊണ്ടുചെന്നു തുറന്നുവിടും. കൂട്ടത്തില്‍ ആരോ പറഞ്ഞു.

അതിശയം. ഈ രാത്രി വേണോ ഗുരുവായൂര്‍ക്ക് പ്രാവിനെ പിടിക്കുവാന്‍?

‘നമുക്ക് രണ്ടെണ്ണത്തിനെ കറിയാക്കിയാലോ കണ്ണാ?’ കണ്ടന്റെ ചുവന്ന കണ്ണുകള്‍. അച്ഛന്റെ ചുവന്ന കണ്ണുകള്‍. അവര്‍ ഒരുമിച്ചു ചിരിക്കുന്നു.

കണ്ടനെ ഓര്‍ത്തു അച്ഛനോടു വീണ്ടും ചോദിച്ചു, ‘അയാള്‍ക്കു വെശന്നിട്ടാകുമോ?’ അച്ഛന്‍ ഒന്നും പറഞ്ഞില്ല.

അയ്യപ്പനെ അടിച്ചു വന്നതിന്റെയന്നു് കണ്ടനു ഒട്ടും വിശപ്പുണ്ടായിരുന്നില്ല. അയ്യപ്പന്‍ കണ്ടന്റെ അച്ഛനാണു്. അച്ഛന്റെ പാടത്തില്‍ നിന്നു വടക്കേകൂട്ടര്‍ക്കു വേണ്ടി വെള്ളം ചോര്‍ത്തിയതു് അവരുടെ നോട്ടക്കാരനായ അയ്യപ്പനാണു്. വെള്ളം ചോര്‍ത്തിയവരെ അടിക്കേണ്ടതു കണ്ടനാണു്.

തിരിച്ചുപോകുമ്പോള്‍ മണ്ണിന്റെ മണം വേണം. ഒപ്പമിരുന്നു കുടിച്ചു്, കണ്ണ് ചുവപ്പിക്കണം. ഇരുട്ടില്‍ ഒപ്പം, ഒപ്പത്തിനൊപ്പം വേട്ടയ്ക്കിറങ്ങണം. പക്ഷെ ചില തിരിച്ചുപോകലുകളെ പശിമ വറ്റിയ മണ്ണ് അടക്കം ചെയ്തിരിക്കുകയാണെന്നു തോന്നുന്നു.

ഖാലിദ് ലേക്കിന്റെ അവസാന ഭാഗത്തായിട്ടാണു പുതിയതായി ഒരു ഈന്തപ്പനത്തോട്ടം വെച്ചു പിടിപ്പിച്ചിരിക്കുന്നത്. അവ ഒറ്റയ്ക്കൊറ്റയ്ക്കു നില്‍ക്കുന്ന മഹാവൃക്ഷങ്ങളെന്നു് അവയുടെ പരുക്കന്‍ സ്വഭാവത്തില്‍ നിന്നു തോന്നാറുണ്ടു്. ശിവാനന്ദന്റെ ടെക്സ്റ്റ് മെസേജ് ഈന്തപ്പനകള്‍ക്കു കുറുകേ നടക്കുമ്പോഴാണു വരുന്നതു്.

‘ആനന്ദിന്റെ പുതിയ നോവല്‍ ഇന്നാണു വായിച്ചത്. നീയോ?’

ശിവാനന്ദന്റെ ഒരു കാല് ഉപയോഗശൂന്യമാം വിധം തല്ലിത്തകര്‍ക്കപ്പെട്ടിരുന്നു. അവനെ ക്രച്ചസ്സില്‍ ഓര്‍ക്കുന്നത് എനിക്കു സഹിക്കില്ല, എന്റെ ഓര്‍മ്മകളിലെ ചിത്രങ്ങളില്‍ അവന്‍ എല്ലായ്‌പ്പോഴും ഒരു കസേരയില്‍ ഇരുന്നുകൊണ്ടാണു പ്രത്യക്ഷപ്പെടാറു്. ശിവാനന്ദന്റെ വലത്തേകാല്‍ എടുത്തതു ഞാനാണ്. താലപ്പൊലിയുടെയന്നു രാത്രി, മദ്യത്തിലും പതറാത്ത വീര്യത്തോടെ എന്റെ മുഖത്തു നോ‍ക്കി അവന്‍ പറഞ്ഞു, ‘നിന്റെ അച്ഛന്‍ കയറാത്ത വീടില്യ കുന്നിന്‍പുറത്ത്.’

അവന്‍ കുന്നിന്‍പുറത്തെയാണെന്നോര്‍ത്തില്ല, തച്ചുതച്ച് കാലൊടിച്ചു.

ഓ.വി.വിജയന്‍ മരിക്കുന്നതിനു മുമ്പ് ‘പ്രയാണം’ വായിച്ചു ശിവാനന്ദന്‍ പറഞ്ഞു നമ്മുടെ നാട്ടിലാരും മനുഷ്യരുടെയൊപ്പം ജീവിച്ചിട്ടില്ല. ഒരു പുതിയ തരം ജീവനകല വേണം, നമുക്ക് വിജയന്റേയും ആനന്ദിന്റേയും ഒപ്പം അല്പകാലം ജീവിക്കുവാന്‍ അനുവദിച്ചു ഈ മൃഗങ്ങളെയൊക്കെ മനുഷ്യരാക്കണം. സാഹിത്യകാരന്മാരും കലാകാരന്മാരും ആതിഥേയരാകുന്ന അതിഥിമന്ദിരങ്ങളെ കുറിച്ചു അവന്‍ സ്വപ്നങ്ങള്‍ കാണും. കുറഞ്ഞ ചിലവില്‍, മനുഷ്യരായി ജീവിക്കുവാന്‍ മാത്രം പഠിപ്പിക്കുന്നത്ര കുറഞ്ഞ ചിലവില്‍.

‘ശിവാനന്ദാ നിനക്ക് പ്രാന്താണ്. അവര്‍ മൌനികളും, തങ്ങളുടെ ലോകത്തിലേയ്ക്കുള്ള എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുന്നവരുമാണ്. എഴുത്തിലൂ‍ടെയല്ലാത്ത എല്ലാ സംവേദനത്തിലും അവര്‍ പരിപൂ‍ര്‍ണ്ണ പരാജയവുമാണെങ്കിലോ?’

ശിവാനന്ദന്‍ കൈവിരലുകളില്‍ തിരുപ്പിടിച്ചുകൊണ്ടിരുന്നു, ‘അല്ല എഴുത്തിനപ്പുറം ഇവര്‍ക്കൊക്കെ എന്തോ ചെയ്യുവാനുണ്ട്, നീയതാഗ്രഹിക്കുന്നില്ലേ?’

ഉറക്കെപ്പൊട്ടിച്ചിരിച്ചു ഞാന്‍ പറഞ്ഞു, ‘എന്റെ പൊന്ന് ശിവാനന്ദാ എഴുത്തുകാരെ വീട്ടില്‍ കയറ്റാ‍ന്‍ കൊള്ളില്ലെന്ന് പറയുന്നവരാണ് നാട്ടുകാര്‍.’

അവന്‍ ഓട്ടുഗ്ലാസ് എടുത്തു് എറിഞ്ഞതിന്റെ പാടാണ് എന്റെ നെറ്റിയിലിപ്പോഴും.

ഒരു നാണ്യത്തിനു മുറി നിറയ്ക്കാന്‍ നിറയെ വൈക്കോലും, മുറിയെ പ്രകാശത്താല്‍ നിറയ്ക്കുവാന്‍ ഒരു ചെറിയ ചെരാതും വാങ്ങി മത്സരിച്ച സഹോദരന്മാരുടെ കഥയില്ലേ? ശിവാനന്ദന്‍ ആ കഥയുടെ ഓര്‍മ്മയാണു്.

ശിവാനന്ദനു ഞാന്‍ മറുപടിയെഴുതി, ‘ഞാന്‍ വായന നിര്‍ത്തി.’

അവന്‍ ഒറ്റയ്ക്ക്, ഒരു കസേരയില്‍ തളച്ചിടപ്പെടുന്നതിന്റെ വേദന, ഈന്തപ്പനയുടെ മുള്ളുകളേ നിങ്ങള്‍ ആ വേദന കൈമാറിയെടുക്കുമോ?

തിരിച്ചുപോക്കിനെ കുറിച്ചുള്ള ആലോചനകള്‍ അങ്ങനെ ഖാലിദ് ലേക്ക് കഴിഞ്ഞിട്ടും, ഈന്തപ്പനത്തോട്ടങ്ങള്‍ കഴിഞ്ഞിട്ടും തീര്‍ന്നിട്ടില്ല. റോഡിലിറങ്ങി അതു മുറിച്ചു കടക്കുമ്പോഴും ആ തോന്നലുകള്‍ വിട്ടുപോയിട്ടില്ല. അപ്പോഴതാ ഒരു ലാന്‍ഡ് ക്രൂയിസര്‍, അതിടിച്ചു ഞാന്‍ മരിച്ചു പോയ്.

Read Full Post »

മൂക്കിന്റെ തുമ്പത്ത്
തൊട്ടുതൊട്ടില്ലായെന്ന കുസൃതിയാണ്
തൊടാതെ വല്ലതും പറഞ്ഞാലുണ്ടല്ലോ!
എന്നൊരു ന്യായമാണ്
ഒന്നു തൊടട്ടേയെന്ന്
പിന്നെ വ്യസനിക്കാനറിയാം

ഓര്‍മ്മയാണേകാന്തതയെന്നറികയാല്‍
വിസ്മൃതിയിലേയ്ക്ക് ഉന്തിയിടുകയും
ഉറക്കത്തില്‍ ഭംഗപ്പെടുന്നതാല്‍
ഉണര്‍ന്നിരി‍ക്കുമ്പോഴും
കണ്ണുകളില്‍ സ്വപ്നം നിറയ്ക്കുകയും ചെയ്യുന്നു

ഇത്രയുമെങ്കില്‍ പ്രിയരെന്നര്‍ഥം വന്നോ?
എങ്കിലും ഞങ്ങള്‍ ശപിക്കയാണ്
നീ‍ പെയ്യാതെ പോകട്ടെ

മഴയില്‍ ചെടികള്‍
പൂക്കുമെന്നും കായ്ക്കുമെന്നും
വിളവെടുപ്പ് ഉത്സവമാണെന്നും
ഞങ്ങള്‍ക്കറിയാം

ഈ നഗരത്തിലെ,
ചെടികള്‍ ഞങ്ങളാണ്

Read Full Post »