Feeds:
Posts
Comments

Posts Tagged ‘ജീവിതം’

ഒരു അവധിദിവസം രാവിലെ ചടഞ്ഞിരിക്കുമ്പോഴാണു ഫ്ലാറ്റ് ഉടമസ്ഥൻ റഹ്മത്തിന്റെ ഭാര്യ സുലേഖദീദി വന്നു വാതിൽ മുട്ടിയത്. ഒരു കാര്യം പറയുവാനുണ്ട് എന്നു മുഖവുര. നിന്റെ റൂം വല്ലാതെ നാറുന്നു, ഒന്നു വൃത്തിയാക്കുമോ?

ഹോ! അതെയോ പറഞ്ഞതിനു നന്ദി. കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു നന്ദിപ്രകടിപ്പിച്ചു.

അതുണ്ടല്ലോ നീ എപ്പോഴും ജനലടച്ചിരിക്കുന്നതു കൊണ്ടാവും, എപ്പോഴും ഇങ്ങനെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നാൽ ഇവിടെ എലിചത്തു നാറിയാലും അറിയില്ല. ചിരിക്കുന്ന ശബ്ദം മാത്രമുണ്ടാക്കി ഇക്കാര്യം വന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്നു ആവർത്തിച്ചു. ഒന്നും തോന്നരുതെന്ന ക്ഷമാപണത്തോടെ സുലേഖാദീദി കടന്നുപോയി. അവരുടെ മൂന്നു വയസ്സുള്ള മകൾ എന്റെ ബാത്ത്‌റൂമിൽ എന്നും കൃത്യതയോടെ മൂത്രമൊഴിച്ചു വെള്ളമൊഴിക്കാതെ ഓടിപ്പോകുന്നതിനെ കുറിച്ച് അപ്പോൾ ഓർത്തില്ല. ഓർത്താലോ?

ശരിയാണു ഞാൻ എന്റെ കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നു എല്ലായ്പ്പോഴും, മുറിവിട്ടിറങ്ങാറില്ല, ജനൽ തുറക്കാറില്ല. അതിനെന്താണു ഹേ? മണിക്കൂറുകൾ കമ്പ്യൂട്ടറിനു മുമ്പിൽ നിന്നും എഴുന്നേൽക്കാത്ത ജോലിക്കാർക്കു വേണ്ടി, ഞങ്ങളുടെ ഓഫീസ് വിരേചനൗഷധങ്ങൾ വിലകുറവിൽ വിപണനം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. രണ്ടു മാസം മുമ്പു വാങ്ങിയ ഫോണിന്റെ കൂടു മുതൽ കഴിഞ്ഞ മഞ്ഞുകാലത്തു് അവസാനമായി ഊരിയിട്ട സ്വറ്റർ വരെ ഇവിടെ ഒരു കൊല്ലത്തെ മുഷിഞ്ഞതും അഴുക്കുപുരണ്ടതുമായ വസ്തുവഹകൾ കണ്ടേയ്ക്കും. വാടകക്കാരനായി വരുമ്പോഴേ ഈ റൂമിനു കൃത്യമായി ഒരു ചുമർ പണിയുവാൻ ആവശ്യപ്പെട്ടിരുന്നതല്ലേ? പകരം ഒരു കർട്ടണിട്ടു സമാധാനിച്ചത് ആരാണ്?

ഇതുകൂടെ കേട്ടോള്ളൂ, നിങ്ങളുടെ മകൾ കൂടെക്കൂടെ വൃത്തികേടാക്കാറുള്ള എന്റെ ബാത്ത്‌റൂം ഞാൻ ആറുമാസത്തിലൊരിക്കലാണു കഴുകാറ്. അപ്പോൾ പ്രത്യേകം വാങ്ങുന്ന കൈയുറയും ബ്രഷും പിന്നെയൊരു ആറുമാസം വരേയും ആ ബാത്ത്‌റൂമിൽ കാണും (സത്യം പറയണമല്ലോ മൂക്കും വായും മൂടിക്കെട്ടി ബാത്ത്‌റൂം വൃത്തിയാക്കുന്ന ദിവസം ക്ലോസറ്റുകളും വാഷ് ബേസിനും വെളുത്തു മിനുങ്ങിക്കാണുമ്പോൾ അന്നത്തെ ദിവസമാണ് ആ കൊല്ലത്തിലെ ഏറ്റവും ക്രിയേറ്റീവ് ദിനമെന്നു തോന്നിപ്പോകാറുണ്ട്.)

ഉപയോഗിച്ച് അല്പം നരച്ചുപോയതും ചെറുതായി തുന്നലുകൾ വിട്ടുപോയതുമാ‍യ പഴയ തുണികൾ ഒരു കൂമ്പാരമാക്കി വച്ചു. യുണിസെഫിന്റെയൊ മറ്റോ ദാരിദ്രനിർമ്മാർജ്ജന പദ്ധതികൾക്കു സംഭാവന നൽകുവാൻ കഴിയുന്നെങ്കിൽ അങ്ങനെയാവട്ടെ. കട്ടിലും പുസ്തകക്കെട്ടും വലിച്ചു നീക്കി പൊടിയൊക്കെ തുടച്ചു. കഠിനമായ ജോലികൾ ചെയ്യുമ്പോൾ ആയാസമറിയാതിരിക്കുവാൻ ഏറ്റവും നല്ല വഴി ദേശഭക്തിഗാനങ്ങൾ ഉറക്കെ പാടുകയാണ്.

സാരെ ജഹാംസെ അച്ഛാ, ഹിന്ദൊസ്ഥാൻ ഹമാരാ..
ഹം ബുൽബുലേൻ ഹേ ഇസ് കീ, യെഹ് ഗുൽ‌സിതാൻ ഹമാര… ഹമാരാ…

പൊടി തുടച്ചും, പഴയ ബിസ്കറ്റ് കൂടും ഉപയോഗിച്ചു മുഷിഞ്ഞ അടിവസ്ത്രങ്ങളും പെറുക്കിയെടുത്തു കച്ചറയിലിട്ടും അരദിവസം കഴിഞ്ഞപ്പോൾ റൂം വെളുത്തു. ഇന്ത്യയ്ക്കു സ്വന്തമായി വേറെ ദേശഭക്തിഗാനങ്ങളില്ലാതായി.

ശ്രമദാനത്തിനു ശേഷം വാങ്ങിവച്ചിട്ടും വായിക്കാത്ത പുസ്തകങ്ങളുടെ കണക്കെടുക്കുമ്പോൾ മൂന്നു വയസ്സുകാരി സമീറ മടിച്ചു മടിച്ചു വാതിൽ തുറന്നുവന്നു. ഈ മുറിയിൽ ഒരു ഭൂതമുണ്ടെന്നു അമ്മ പറഞ്ഞല്ലോ! ശരിക്കുമുണ്ടോ?

ഓ അതെയോ, ഈ കട്ടിലിടിന്റെ അടിയിലാണോ? കട്ടിലിന്റെ അടിയിൽ ഒഴിഞ്ഞ ഹോർലിക്സ് കുപ്പി പോലും ഇല്ല. ശുദ്ധ ശൂന്യം. ഇല്ല ഇല്ല ഇവിടെങ്ങും ഭൂതമില്ല.

അവൾ പതിയെ കട്ടിലിലിരുന്നു. ഉറപ്പാണോ ഭൂതമില്ലല്ലോ?

ദീദീ ഞാൻ സമീറയ്ക്കൊരു സ്നിക്കേഴ്സ് ബാർ കൊടുത്തോട്ടേ?

ജീ സർക്കാർ. അടുക്കളയിലെ പാത്രത്തിൽ കിടന്നു ബംഗാളി മീൻ കറി മച്ചർ സോർഷെ ഝായ് വെന്തുതിളച്ചു. ദീദീ ഊണിനു ക്ഷണിക്കും.

ഞാൻ പോകുന്നു കേട്ടോ, സമീറ ചോക്ലേറ്റും കൊണ്ട് ഓടാനൊരുങ്ങി.

ഇനിയെപ്പൊ വരും?

ഭൂതമില്ലല്ലോ, ഇനിയെപ്പഴും വരാം.

വരണം കേട്ടോ.

Read Full Post »