Feeds:
Posts
Comments

Archive for the ‘വൈയക്തികം’ Category

അനിയത്തീ,
ഇപ്പോൾ നിന്നെയോർക്കാറു് അമ്മയെന്നാണു്!

Read Full Post »

മുകളില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ് :

Caste no bar
എന്നു തീരുമാനിച്ചപ്പോള്‍
കൈവിറച്ചു
ഇഴോന്മാരുടെ ചാളമണം
തികട്ടി വന്നു

കല്യാണം കഴിക്കുവാന്‍ പ്രായമായിട്ടില്ല!

Read Full Post »

ജീവിക്കുവാന്‍ തോന്നുന്നു
മരിക്കുവാനും
അമ്മയെന്നോര്‍ക്കുമ്പോള്‍
ഒന്നൂടെ,
ജനിക്കുവാന്‍ മാത്രം തോന്നുന്നു

Read Full Post »

ദൈവങ്ങള്‍ക്കും ദേവതകള്‍ക്കുമൊപ്പം കുഞ്ഞുങ്ങള്‍ ഗഗനചാരികളായിക്കഴിഞ്ഞിരുന്ന ഒരു കാലം. മാതൃത്വത്തിന്റെ കടച്ചിലില്‍ ഉരുകുന്ന ഒരു സ്ത്രീയെ കാണ്‍കെ ദൈവം കുഞ്ഞിനോടു പറഞ്ഞു, നീയവള്‍ക്കു മകനായി പിറക്കുക.

അമ്മയുടെ സ്ത്രൈണതയൊരുക്കിയ ജീവന്റെ ഈറ്റില്ലത്തില്‍ താരകങ്ങളില്ലാത്ത വിണ്ണിലുദിക്കുന്ന ചന്ദ്രക്കലയെന്നോണം കുഞ്ഞു് പിറന്നുവീഴുന്നു. പ്രളയാരംഭത്തിലെ ആലിലകൃഷ്ണനെന്നോണം മുന്നീര്‍ക്കുടത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു്, പുക്കിളില്‍ നിന്നുയരുന്ന താമരപ്പൂവുപോല്‍ അമ്മയും – സൃഷ്ടിയുടെ കാരുണ്യമൂര്‍ത്തി. കുഞ്ഞിന്റെ നിദ്ര പ്രളയത്തിലേതെന്ന പോലെ, അനന്തയിലേയ്ക്കു അവതാരലക്ഷ്യങ്ങള്‍ മറന്നുകൊണ്ടുള്ള നിദ്ര. പുക്കിള്‍കൊടിയിലൂടെ സാധ്യമാകുന്ന മൌനഭാഷണങ്ങളില്‍ കുഞ്ഞിന്റെ സ്വപ്നങ്ങള്‍ കാണുന്ന അമ്മ, അമ്മയുടെ നീരില്‍ വളരുന്ന കുഞ്ഞു്. കാത്തിരിപ്പിന്റെ അസഹനീയതകള്‍ക്കൊടുവില്‍ അമ്മ തൊട്ടുതടവി കുഞ്ഞിനോടു ചോദിക്കുന്നു, ‘നീ ഇപ്പോഴൊന്നും വരുന്നില്ലേ ഉണ്ണീ?’

പുക്കിള്‍കൊടിയിലൂടെ സംസാരിക്കുന്ന കുഞ്ഞു്. ‘അമ്മേ പുറത്തെന്താണ്?’

‘കുഞ്ഞേ വെളിച്ചമാണ്.’

‘എന്റെ ആകാശത്തേക്കാളും വെളിച്ചമോ?’

‘ഉവ്വുണ്ണീ, അമ്മയുടെ വെളിച്ചമുണ്ട്, ഇങ്ങു വന്നോള്ളൂ.’ ഏത് നിബിഢാന്ധകാരത്തിലും അമ്മയ്ക്കു പറയാവുന്ന മറുപടി.

വീണ്ടും നിദ്ര, ‘കള്ളയുറക്കമാണോ?’ വയറുതൊട്ടുഴിയുന്ന അമ്മ.

ഇത്തവണ ഉള്ളില്‍ നിന്നുയര്‍ന്നു കുതിപ്പ് ഗര്‍ഭഗൃഹത്തിന്റെ അകത്തെയേതോ ഞെരമ്പേറ്റെടുത്തു ദേഹമാസകലം ഒരു വിറയലായിപ്പടര്‍ത്തുന്നു. ഒരു അര്‍ദ്ധമയക്കത്തില്‍, എഴുന്നേല്‍ക്കുന്നതിന്റെ ഒരു ഇടവേളയില്‍, എപ്പോഴുമാകാമിത്, അമ്മ വിഹ്വലതകളോടെ, വിസ്മയത്തോടെ, ‘എന്റെ കുഞ്ഞേ നീ തന്നെയോ അത്…’

ചില കുഞ്ഞിക്കാല്‍‌വെപ്പുകള്‍, ഭൂമി ഉര്‍വ്വരമാകുന്നതിന്റെ താളം, നിരന്തരമായി പെരുമ്പറകള്‍ മുഴങ്ങുന്ന ആകാശം, ജീവനുള്ളിടത്തോളം കാലം മാഞ്ഞുപോകാത്തവിധം അമ്മയുടെ പ്രജ്ഞയില്‍ രേഖപ്പെടുത്തുന്ന ചില കുതിപ്പുകള്‍, അടിവയറ്റിലെങ്ങോ ഉണര്‍ന്ന്, ദേഹത്തിലെ ഓരോ അണുവിലും വ്യാപിക്കുന്ന ആനന്ദം.

‘എന്റെ ഉണ്ണീ, അമ്മയെ തൊഴിക്കുകയാണോ?’

പിറവിയുടെ നിമിഷം, മുന്നോര്‍ക്കുടത്തിന്റെ നൈര്‍മല്യം കഴുകിക്കളയുന്ന വേദനയില്‍ കരയുന്ന കുഞ്ഞു്. ഒഴിഞ്ഞ വയറിന്റെ ശൂന്യതയിലേയ്ക്കു കൈകളമര്‍ത്തി ആലസ്യപ്പെട്ടുപോയൊരമ്മ. ‘നമ്മളൊന്നായിരുന്നല്ലോ കുഞ്ഞേ’ എന്നൊരു വേദന.

മുലഞെട്ടിലുണര്‍ന്ന്, ദേഹത്തിലെ ഓരോ അണുവിലും വ്യാപിക്കുന്ന ആനന്ദം. ജന്മരഹസ്യം മറന്നുപോയിക്കഴിഞ്ഞ ദൈവപുത്രന്മാര്‍, മുലയൂട്ടുമ്പോള്‍ അവന്‍ അമ്മയുടെ മുഖത്തേയ്ക്കു ഉറ്റുനോക്കുന്നത് ഒരു പുക്കിള്‍കൊടി ബന്ധത്തിലൂടെ അമ്മയ്ക്കു സാധ്യമായതും അവന്‍ മറന്നുപോയതുമായ സ്വപ്നങ്ങളെ കുറിച്ചുള്ള ഒരിക്കലും മാറാത്ത കുതൂഹലങ്ങളോടെയാകും.

വെളുത്ത ആകാശം, തൂവെണ്മ, നിന്റെ ഗഗനസഞ്ചാരത്തിന്റെ നാളുകള്‍, ‘കുഞ്ഞേ നീയല്ലോ എന്റെ ഫരിഷ്ത*.’

ഒരു ജനനത്തോടെ എല്ലാ ദൈവരഹസ്യങ്ങളും മറന്നുപോകുന്ന കുഞ്ഞുങ്ങള്‍, പിറവിയിലെ കരച്ചില്‍ മുതല്‍ മനുഷ്യനു ജനിച്ചതുകൊണ്ടു മനുഷ്യനായി ജീവിക്കുന്നവര്‍. അമ്മ – ദൈവങ്ങള്‍ പോലും കൊതിക്കുന്ന മാതൃത്വം. ആ മസൃണതയിലലിയുമ്പോള്‍ എത്ര നിസാരമാണ് തങ്ങളുടെ ദൈവീകത്വമെന്നു കരുതി ആകാശത്തിലേയ്ക്ക് പറന്നുയരുവാനുള്ള മന്ത്രങ്ങളെ കുറിച്ചു മറന്നേ പോകുന്ന ഫരിഷ്തകള്‍.

സമര്‍പ്പണം: ബീക്കുട്ടിക്ക്, അവളുടെ മകന്.

*ഫരിഷ്ത = Angel

Read Full Post »

വലിയ വലിയ മാവുകള്‍ കായ്ചു നില്‍ക്കുമ്പോള്‍ ഒരു പഴം നേടുന്നതിനായി ഉണ്ണി മരത്തിന്റെ അടിയില്‍ ചെന്നു മുകളിലേയ്ക്കു നോക്കി നില്‍ക്കും. മരമേ ഒരു പഴം, കാറ്റേ ഒന്ന് വീശിക്കൂടേ? മരം വെറുതെയങ്ങിനെ പഴം തരില്ല, കാറ്റ് വെറുതെ വീശുകില്ല. ഉണ്ണി ചെറിയ കൈകള്‍കൊണ്ടു മരത്തിന്റെ വലിയ തടിയെ കെട്ടിപ്പിടിച്ചു മരമൊന്നു കുലുക്കുവാന്‍ ശ്രമിക്കും, തടിയുടെ കാല്‍ വണ്ണം പോലും കൈയെത്തുകയില്ല, അപ്പോള്‍ ഒന്നകലത്തിലേയ്ക്കു മാറി നിക്കും, എന്നിട്ടാണ് അല്പം ദേഷ്യത്തോടെ ഒരു കല്ലെടുത്ത് എറിഞ്ഞ് നോക്കുന്നത്. എവിടെ, അത്ര ഉയരത്തില്‍ എത്തണ്ടേ! തുന്നത്ത് എത്തുന്ന ശക്തിയിലൊന്നിലും എറിയാന്‍ കൈബലമില്ല. അതുകൊണ്ടു മരത്തിനോട് പിണങ്ങി വ്യസനിച്ചു്, ഒരിക്കലും മുഴുവന്‍ പഴുക്കാതെ പച്ച കായ്ചു പഴുത്തുവരുമ്പഴേയ്ക്കും ഏതോ ഇഴജന്തു (പാമ്പാണെന്നാണ് പറച്ചില്‍) കടിച്ചു പോകുന്ന കൈതച്ചക്കയുടെ പരിസരത്തുനിന്നു് അകന്നു നടന്നു്‌ ഉരല്‍പുരയുടെ അടുത്തുചെന്നിരിക്കും. മഴച്ചാറലടിച്ചു് ഈറനുണ്ടായ നിലത്തേയ്ക്കു തേരട്ടകള്‍ ഇഴഞ്ഞുവന്നെന്നിരിക്കും, ഒരു ചുള്ളിക്കമ്പെടുത്തു തേരട്ടയെ കുത്തിപ്പിടിക്കുമ്പോള്‍ ആദ്യമതു ചുരുളും പിന്നെ കെട്ടമണമുള്ള ഒരു ദ്രാവകം സ്രവിപ്പിക്കും. മണ്ണു തേച്ചു ചാണകം മെഴുകിയ നിലത്തു പുറ്റുണ്ടാക്കി അതില്‍ നൂണ്ടുകിടക്കുന്ന മണ്ണിരയെ തോണ്ടിയെടുക്കാന്‍ നോക്കുമ്പോഴും ഇങ്ങനെ ഒരു അപകടം പറ്റും, മണ്ണിര രണ്ടായ് മുറിഞ്ഞുപോകും. രണ്ടാക്കപ്പെട്ടാലും പിന്നെയും അവറ്റ ജീവിക്കുമത്രെ, രണ്ടും ഓരോന്നായി വേറിട്ടു ജീവിക്കും. എന്നാല്‍ രണ്ടെണ്ണം ഒട്ടിച്ചേര്‍ന്നു് ഒന്നായി ഇഴഞ്ഞുപോകുന്ന, ചുവപ്പില്‍ കറുത്ത പുള്ളികളുള്ള ഒരു പ്രാണിയുണ്ട്, പേരറിയില്ല, പഞ്ഞിക്കായയുടെ കാലം മുതല്‍ക്കു കാണുന്നതാണ്. തരം കിട്ടിയാല്‍ അവയുടെ നടുക്കു് അവിശ്വാസത്തോടെ ഒരു ചുള്ളിക്കമ്പ് തൊട്ടുപിടിക്കും, അവയും വേര്‍പ്പെട്ടുപോകും, എന്നാലും നേര്‍ത്ത വ്യസനം തോന്നും. മഴയുടെ തണുപ്പു തട്ടാത്ത ഒരു അരുക്കില്‍ കുഴിയാനകളുടെ വരിവരിയായിട്ടുള്ള ആവാസകേന്ദ്രങ്ങള്‍, അവിടെ പക്ഷെ ഒന്നും പറ്റില്ല. ഒരു ഉറുമ്പിനെ ഇരയായി പിടിച്ചിട്ടുകൊടുത്താല്‍ ഉള്ളില്‍ നിന്ന് മണ്‍ തരികള്‍ ചീറ്റുന്ന കുഴിയാനകള്‍, അവറ്റയെ പിടിക്കുവാന്‍ ശ്രമിച്ചിട്ടില്ല, മണ്ണു ചീറ്റുന്ന ചെറിയ തുമ്പിക്കൈകള്‍ക്കു പുറകില്‍ വലിയ ഉടലുണ്ടെങ്കിലോ? ആ ദേഷ്യത്തിലാണ് ഉറുമ്പിനു പകരം ചെറിയ ഉറുളന്‍ കല്ലുകള്‍ കുഴിയില്‍ വീഴ്‌ത്തുന്നത്, മണ്ണു ചീറ്റുന്നത് വെറുതെയായില്ലേ! അതിനിടെയാണ് ഒരുഗ്രന്‍ കാറ്റും, ഒപ്പം കുടം ചരിച്ചതു പോലൊരു മഴയും. അതില്‍ ഉലയാത്ത മരമില്ല, വീഴാത്ത മാങ്ങയില്ല, പക്ഷെ എന്താ, ഓടിച്ചെല്ലുമ്പോള്‍ ഒരെണ്ണം പോലും കിട്ടില്ല, ഈ ‘തറോലെ’ കുട്ടികള്‍ക്കെന്തൊരു കണ്ണും കാതുമാണ്!

Read Full Post »

Older Posts »