Feeds:
Posts
Comments

Archive for the ‘വൈയക്തികം’ Category

പണ്ടൊക്കെ ടാക്സിയില്‍ കയറുമ്പോള്‍ ഒന്ന് അനങ്ങിക്കഴിയുമ്പോഴേയ്ക്കും ചോദിക്കും, ‘ആപ് കഹാം കീ ഹോ?’ പെഷവാര്‍ എന്നോ റാവല്‍‌പിണ്ടി എന്നോ മറുപടി കിട്ടും. ‘ഘര്‍ മേം സഭ് കുച്ഛ് സഹീ ഹേ നാ?’ അല്‍ ഹംദുലില്ലാഹ്. ദൈവകൃപയാല്‍ എല്ലാം നന്നെന്ന് തന്നെ.

നീ മലബാറിയല്ലേ? എന്നൊരു മറുചോദ്യം മിക്കപ്പോഴും പുറകെ വരും. പിന്നെ എന്തിനിത്ര ഹിന്ദി പറയുന്നു എന്നാണോ പെഷാവാറുകാരാ?

പണ്ടൊക്കെ നിന്റെ വാഹനങ്ങള്‍ക്കു കാലാകാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കിന്റെ ദുര്‍ഗന്ധമായിരുന്നു. സീറ്റുകളില്‍ മൂട്ടയുണ്ടാവും എന്ന സങ്കോചത്തിലാണ് യാത്രികര്‍. കുറുകെ കയറുന്ന വണ്ടികള്‍ക്കെതിരെ എന്തൊരു ക്രൂരമായാണ് നിങ്ങള്‍ പഠാണിയില്‍ തെറികള്‍ ഉരുവിടുന്നത്. നീ എപ്പോഴും തൊണ്ടയില്‍ കുറുകുന്ന കഫം വലിച്ചെടുത്തു നുണയുന്നത് എന്തിനാണ്? ചതച്ച നസ്‌വാര്‍ ചണ്ടി‍ നിന്റെ അണ്ണാക്കില്‍ നിന്നെടുത്ത് ടിഷ്യൂവില്‍ പൊതിഞ്ഞ് എനിക്കും നിനക്കുമിടയില്‍ ടൊയോട്ടൊ കോഫീ മഗുകള്‍ വയ്ക്കുവാന്‍ നിര്‍മ്മിച്ചിട്ടുള്ള പൊത്തില്‍ തിരുകുന്നതെന്തിനാണ്?

വളിച്ച അശ്ലീല ഫലിതങ്ങള്‍ പറഞ്ഞു എന്റെ ലിംഗത്തില്‍ നീ സ്പര്‍ശിക്കുന്നതെന്തിനാണ്?

മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിനിടയിലും ‘കിസ്സാ കഹാനി ബസാറിനെ’ പറ്റി ഞാന്‍ വിസ്മയപ്പെടുന്നതെന്തിനാണെന്ന് നീ ആലോചിച്ചുവോ?

പ്രവാസം നിന്നില്‍ അടിച്ചേല്പിച്ച തീരാത്ത ദുരയില്‍ നീ മത്സരയോട്ടം നടത്തുമ്പോള്‍ നിന്റെ ഉള്ളുരുക്കുന്ന ഗൃഹാതുരതയിലേയ്ക്കു നിന്നെ തള്ളിയിടാനാണ് ഞാന്‍ നിന്റെ വീടിനെ കുറിച്ചും കഥപറച്ചിലുകാരുടെ തെരുവിനെ കുറിച്ചും അന്വേഷിക്കുന്നത്. അപ്പോഴെങ്കിലും നീ അല്പം ഹൃദയാലുവാകുമെന്ന് മോഹിച്ചുകൊണ്ട്. ഗുദരതിക്കായുള്ള ഒരു ഇരയുടെ ‘ശകല്‍’ എനിക്കുണ്ടെന്ന് നീ മറന്നേ പോകുവാന്‍.

ഇപ്പോള്‍ നിനക്കു നാറുന്ന വണ്ടികളും, മൂട്ടയരിക്കുന്ന സീറ്റുകളുമില്ലാതായിരിക്കുന്നു. നിത്യേനെ നിന്റെ വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തി അഴുക്കകറ്റി തെരുവിലിറക്കുന്ന ടാക്സിക്കമ്പനികള്‍ ഉടലെടുത്തതു ഞാനും കാണുന്നുണ്ടു്. എന്റെ സീറ്റിനു മുമ്പില്‍ കാണുന്ന ടാക്സിക്കമ്പനിയുടെ ഐഡന്റിറ്റി സ്റ്റിക്കറില്‍ നിനക്കും നിന്റെ ടാക്സിക്കാരന്‍ ഉദ്യോഗത്തിനും ഒരു നമ്പറിട്ടിട്ടുണ്ട് ശുചിത്വബോധമുള്ള വലിയ വലിയ കമ്പനികള്‍. നിന്നെ തിരിച്ചറിയുവാനും ഒരു നേരത്തെ അന്നം മുടക്കുവാനും ആ നമ്പറിനാവുമെന്ന വിചാരമാണോ നിന്നെ ഈയിടെ അല്പം സാധുവാക്കിയിരിക്കുന്നത്? അതാണോ ബീബീസി ഉറുദുവിന്റെ കരകരശബ്ദം നിന്റെ പുതിയ കാമ്രികള്‍ പിടിച്ചെടുക്കാതെയായത്?

എങ്കിലും ഇപ്പോഴും ഒഴിഞ്ഞുപോകുന്ന ഒരു ടാക്സിക്കാറിനുള്ളില്‍ നിന്നെ തിരിച്ചറിയുമ്പോള്‍ നിന്റെ നാടിനെ കുറിച്ചുള്ള പഴയ ആ ചോദ്യം ആവര്‍ത്തിക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരു ഇരയുടെ ഛായയാണ് എനിക്കെന്ന് സണ്‍ഷേഡുകള്‍ക്കു പുറകിലെ കണ്ണാടി നോക്കുമ്പോള്‍ കാണുന്ന മീശയില്ലാത്ത എന്റെ മുഖത്തിനു പേടി തോന്നുന്നുണ്ടു്.

Read Full Post »

അച്ഛമ്മ മരിച്ചു. അതിനെ കുറിച്ചു് എഴുതണം എന്നു കരുതി വന്നതാണു്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളെയും എഴുതിശീലിച്ചു പോയവര്‍ക്കു അതൊരു പുതുമയുള്ള കാര്യമേയല്ല. പക്ഷെ അച്ഛമ്മയുടെ മരണത്തിനും ആഴ്ചകള്‍ക്കു മുമ്പേ അച്ഛമ്മ മരിച്ചാല്‍ എന്തെങ്കിലും എഴുതണമെന്നു്, അല്ലെങ്കില്‍ മരിച്ചില്ലെങ്കില്‍ തന്നെയും മരണപ്പെട്ടുവെന്നു കരുതി എന്തെങ്കിലും എഴുതണമെന്നു കരുതിയിരുന്നു എന്നോര്‍ക്കുമ്പോഴാണു് അതിശയം. ഒരു മരണത്തിനു ജീവിതത്തിലല്ലാതെ വരികള്‍ക്കിടയില്‍ വലിയ സ്ഥാനചലനമൊന്നും ഉണ്ടാക്കുവാന്‍ കഴിയുകയില്ല; ഒരു സിദ്ധാന്തീകരണത്തിനു മുതിരുന്നില്ല, ചിലപ്പോള്‍ കഴിയുമായിരിക്കും! എന്തായാലും മരണം എഴുതപ്പെടുന്നതിന്റെ പ്രസക്തിയോ ഫിലോസഫിയോ ചിന്തിക്കുന്നതില്‍ ഈ മുഹൂര്‍ത്തത്തിനു വലിയ പങ്കില്ല, ഒരു പക്ഷെ ഒട്ടും തന്നെ പങ്കില്ല. ഞാനവയെ പറ്റി ആലോചിക്കുന്നില്ല തന്നെ.

മറിച്ച്, വേറെ ചിലതുണ്ടു്. അച്ഛമ്മയുടെ മരണം എനിക്കുള്ളിലോ മറിച്ചോ ഒരല്പം കണ്ണുനീര്‍ പോലും വീഴ്ത്താതെയങ്ങു കടന്നുപോകുന്നൊരു സംഗതി ആയതിന്റെ ചെറിയ ആശ്ചര്യമുണ്ടു് (ക്ഷമിക്കണം വലിയ ആശ്ചര്യം തന്നെയുണ്ടു്, അല്ലെങ്കില്‍ ഇതെഴുതുമായിരുന്നില്ലല്ലൊ!) അച്ഛമ്മയുടെ മരണത്തില്‍ അച്ഛനോ അച്ഛന്‍പെങ്ങളോ കരഞ്ഞുവെന്നു തോന്നുന്നില്ല. എന്റെ അമ്മ ചിലപ്പോള്‍ കരഞ്ഞിരിക്കാം, അമ്മ അകത്തെ കനപ്പെടുത്തിയിരിക്കുന്നതു പുറത്തെ ദുര്‍ബലത കൊണ്ടാണു്. ഒരുപാടു കാലം മരണത്തെ കാത്തുകിടന്നിരുന്ന ഒരു വൃദ്ധ മരിക്കുമ്പോള്‍ ആരും കരഞ്ഞില്ലെങ്കിലും അത്ഭുതമില്ലെന്നു തന്നെ തോന്നുന്നു. ഈ കരച്ചിലിനെ കുറിച്ചു് ഇത്ര പറയേണ്ടിയിരുന്നില്ല, ഒന്നാമതു് അതെന്റെ ഊഹമാണു്, ഇവരിലാരെങ്കിലും കരഞ്ഞതോ കണ്ണീര്‍‌വാര്‍ക്കുന്നതോ ഞാന്‍ അറിയാതെ പോകുന്ന കാര്യങ്ങളിലൊന്നാണു്.

ഇത്രയും എഴുതിപ്പോയതു തന്നെ, അച്ഛമ്മ മരിച്ചതു ചെറിയച്ഛന്‍ വിളിച്ചു പറഞ്ഞപ്പോള്‍, നാട്ടിലൊക്കെ പറയുന്നതുപോലെ ‘ഇന്നാവും നാളെയാവും..’ എന്നുകരുതിയിരിക്കുന്ന മറ്റൊരു മനസ്സായിരുന്നല്ലോ എന്റേതെന്ന തിരിച്ചറിവിലാണു്. ഫോണ്‍ കീഴെവച്ചു വീണ്ടും ഉറങ്ങിപ്പോയ ഞാന്‍ മരണത്തിനെ കുറിച്ചോര്‍ക്കുന്നതു പിന്നെ ഓഫീസിലെത്തുമ്പോഴാണു്. അത്ര നേരവും അതിനെ കുറിച്ചു മറന്നുപോയതിന്റെ ആശ്ചര്യത്തില്‍, അല്ലെങ്കില്‍, ‘ഒക്കെ ഞാനറിയുന്നുണ്ടു്’ എന്നു സ്വയം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായെന്നോണം, അടുത്തു പരിചയം തോന്നുന്ന ഒരു സുഹൃത്തിനെഴുതി, ‘എന്റെ അച്ഛമ്മ മരിച്ചു. ചെറിയച്ഛന്‍ രാവിലെ എപ്പഴോ വിളിച്ചു പറഞ്ഞതാര്‍ന്നു. ഇപ്പൊ അച്ഛനും വിളിച്ചിരുന്നു. എനിക്ക് സങ്കടമൊന്നും വര്‌ണില്യ. അമ്മവീട്ടില്‍ വളര്‍ന്ന കുട്ടി ആയോണ്ടാവും. എന്റെ അനിയനു സങ്കടം വരും, അവനു അച്ഛമ്മയുടെ ഛായയുണ്ട്, അവന്‍ മനസ്സു തുറന്നു സ്നേഹിക്കുന്നതില്‍ എന്നെക്കാട്ടും കേമനാണ്.’

വെട്ടിയും തിരുത്തിയും വരിമിനുക്കിയും, ഇപ്പോഴിതാ ഔട്ബോക്സില്‍ അല്പകാലം മുമ്പു മരിച്ചുപോയതുമായ ഒരു സന്ദേശത്തെ തിരഞ്ഞെടുത്തു് ഒട്ടിച്ചുകൊണ്ടും എന്താണു ഞാന്‍ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതു്?

ശാന്തി ഹോസ്പിറ്റലില്‍ അച്ഛമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ മുതല്‍ ഞാന്‍ ആലോചിച്ചിരുന്നതു തന്നെയാവണം – അച്ഛമ്മ മരിച്ചാല്‍, അല്ലെങ്കില്‍ മരിച്ചെന്നു കരുതി എന്തോ എഴുതുവാനുണ്ടു്. അതു് എന്തൊക്കെയല്ല, അതിലേതൊക്കെയില്ല എന്നു നിര്‍ണ്ണയിക്കുന്നതും ക്ലേശകരമായ ഒരു കാര്യമായിരിക്കുന്നു. വീടിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാത്തതാണെങ്കില്‍ അച്ഛന്റോടത്തെ (അച്ഛന്റെ വീട്) കാര്യം നേരെ തിരിച്ചാണു്. പോക്കുവരവു് അടുക്കും ചിട്ടയുമുള്ള അവസരങ്ങളിലേയ്ക്കു് അമ്മ നിജപ്പെടുത്തിയതിന്റെ ശീലം ഓര്‍മ്മകള
ലേയ്ക്കും കടന്നു കയറിയതാകണം.

‘പെരണ്ട്രി അമ്പലത്തിന്റെ’ അയല്‍‌പക്കത്തൊരു വീടു്. നിറയെ ചെടികള്‍, മുറ്റത്താകെ പൂഴിമണല്‍, കളിക്കാന്‍ സമപ്രായക്കാരായ കുട്ടികള്‍. വീണ്ടും ഓര്‍മ്മ കര്‍ശനമാകുമ്പോള്‍, വീട്ടിലേക്കാള്‍ നിഷ്ഠ, മെസ്സുകളിലെന്ന പോലെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന ആഹാരം, അച്ഛമ്മയ്ക്കു് അവരുടെ പെണ്‍‌മകളുടെ മക്കളില്‍ വാത്സല്യമധികം, കളിക്കാനും കുളിക്കാനും സമയക്കണക്കു്, തെറ്റിയാല്‍ നൂറു ശാസനകള്‍.

ചെറിയ വീടുകള്‍ ചിട്ടയോടെ ഓടുന്നതാണോ? അതോ ജനിച്ചു വളര്‍ന്ന വീടിനു വെളിയില്‍ അവധിക്കാലങ്ങള്‍ ചിലവിടേണ്ടി വരുന്ന എല്ലാ കുട്ടികളുടേയും അവസ്ഥയോ?

അച്ഛമ്മയില്‍ എഴുതി തുടങ്ങുമ്പോള്‍ എഴുത്തു് അയല്‍‌പക്കത്തെ രാംദാസിന്റെ ഉമ്മറം വരെ ഓടിച്ചെല്ലരുതെന്നുണ്ടായിരുന്നു; അവിടെ അക്കാലത്തു ഞങ്ങള്‍ കുട്ടികള്‍ ഉച്ചവെയില്‍ തുവര്‍ത്തിരുന്ന കളിമുറ്റവും പൂമുഖവും ഉണ്ടായിരുന്നു. വെളിയങ്കോട്ടെ ഗ്രാമങ്ങളിലെല്ലാമെന്ന പോലെ നിറയെ മരങ്ങളും, ഉപ്പൂറ്റി താഴുന്ന തരിമണല്‍ മുറ്റവും അവിടെയും ഉണ്ടായിരുന്നു. ഈ ഗൃഹാതുരതയുടെ അഷ്ടിക്കാരനായിരുന്നില്ല ഞാന്‍, അവധിക്കാലങ്ങള്‍ എന്നു നീട്ടി എഴുതിയെങ്കിലും നാലുദിവസത്തിനപ്പുറം അമ്മ ഒരിക്കലും അച്ഛന്റെ വീട്ടില്‍ താമസിക്കുവാന്‍ കൂട്ടാക്കിയിട്ടില്ല, ‘അടുത്തിടപഴകുമ്പഴേ അകല്‍ച്ചയുള്ളൂ’ എന്നാമഹതി സൂത്രത്തില്‍ എനിക്കും അനുജനും പഠിപ്പിച്ചു തന്നിട്ടുണ്ടു്.

ഒരു പക്ഷെ ഇപ്പോഴാണു് എനിക്കു ശരിക്കും ഓര്‍മ്മ വന്നതു്, അച്ഛമ്മ മരിക്കുകയാണെങ്കില്‍ ഞാന്‍ വ്യസനിക്കുക എന്റെ അമ്മയെ ഓര്‍ത്തായിരിക്കും.

ഇളയച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മ, അച്ഛന്റെ വീട്ടിലേയ്ക്കു് എന്റെ കൈകളും മുറുകേ പിടിച്ചു കയറിച്ചെല്ലുമ്പോള്‍, ആ വീടുമായി അവര്‍ക്കുള്ള ബന്ധത്തിനു് എന്റെ വയസ്സിനേക്കാള്‍ മൂപ്പുണ്ടു്, അതിനോളം തന്നെ അകല്‍ച്ചയുമുണ്ടു്. പിന്നീടു് അച്ഛമ്മ കിടപ്പിലാവുന്ന കാലം വരേയും മൂന്നരയുടെ പ്രയാഗയിലേയ്ക്കു് (കൂറ്റനാട്ടെ അങ്ങാടിയില്‍ തണ്ണീര്‍ക്കോട്ടേയ്ക്കുള്ള ബസ്സ് കാത്തുനിന്നു ശീലിച്ചവര്‍ തിരുത്തുക, എന്റെ ഓര്‍മ്മയും വ്യക്തമല്ല) വീട്ടുഭരണത്തിന്റെ ഇടയില്‍ ‘അമ്മയ്ക്കെന്നും’ ചിലപ്പോള്‍ ‘ആ തള്ളയ്ക്കെന്നും’ കരുതി മാറ്റിവച്ചു പോന്നിരുന്ന ദ്രവ്യങ്ങളും, പഴുക്കടക്കയും ചേര്‍ന്നുണ്ടാവുന്ന സ്പെഷല്‍ ബാഗേജിന്റെ ഭാരവും, ഇടവും വലവും ചിറിയിളിച്ചുനോക്കി നടക്കുന്ന രണ്ടു ആണ്‍‌മക്കളെയുംകൊണ്ടു് അമ്മ ഓടിയണഞ്ഞിരുന്നത് ഭര്‍തൃമാതാവിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടായിരുന്നുവോ? അതോ ചെറിയമ്മയുടെ മക്കള്‍ കളിയാക്കിയിരുന്നതു പോലെ ‘അവിടെച്ചെന്നാല്‍ പണിയൊന്നുമില്ലല്ലൊ!’ എന്നതോ?

അമ്മ ഒരു അടുക്കളജീവി ആയിരുന്നില്ല, എങ്കിലും വീട്ടിലെ പെണ്‍‌കുട്ടികള്‍ പാചകം പഠിച്ചതു് അമ്മയില്‍ നിന്നാവണം. ‘ഇവിടുത്തെ ആണുങ്ങളുപോലും ഏടത്ത്യമ്മേക്കാള്‍ നന്നായി വയ്ക്കും’ എന്നാണു് അച്ഛന്‍പെങ്ങളുടെ ഭാഷ്യം, അതിനര്‍ഥം പണികുറവെന്നല്ല, മേന്മ കുറവെന്നു മാത്രമാണ്. അവിടം പാര്‍ത്തു തീരുമ്പോള്‍, തിരികെ താഴത്തേല്‍‌പടിവരെ നടക്കുന്ന സമയത്തെല്ലാം ഞങ്ങള്‍ പറഞ്ഞുപോരും, ‘അച്ഛമ്മയ്ക്കു് അവരെയാണു ഞങ്ങളേക്കാള്‍ ഇഷ്ടം!’ വലിയൊരു വീടിന്റെയും, കൂട്ടുകുടുംബത്തിന്റെയും ആവര്‍ത്തനക്രമങ്ങളില്‍ നിന്നാണ് അമ്മ പതിവുതെറ്റിക്കാതെ അച്ഛന്റേതല്ലാത്ത ‘അച്ഛന്റോടത്തെ’ ചെറിയ വീട്ടിലേയ്ക്കു ഞങ്ങളുടെ ഇഷ്ടത്തിനെതിരെയും ചെന്നുപോയിരുന്നത്. ഓരോ തവണയും അമ്മ എന്താണു നിനച്ചിരുന്നത്? കുടുംബബന്ധങ്ങളില്‍ ശിഥിലമായിപ്പോയ ഏതു പുരാവസ്തുവെയാണു് ആ സ്ത്രീ സഹനഭാവത്തില്‍ പൊടിതട്ടിയെടുത്തിരുന്നതു്?

ചെറിയച്ഛന്‍ മരിച്ച അന്ന്, അമ്മ രണ്ടു കാല
ട്ടങ്ങള്‍ക്കിടയില്‍ ഒരു യാത്ര നടത്തുകയാണുണ്ടായതെന്നു തോന്നുന്നു. അമ്മയുടെ അമ്മാവന്‍ പിന്നെ അതിശയപ്പെട്ടു ചോദിച്ചു, ‘നീ നരണപ്പുഴ കടന്നു ഒറ്റയ്ക്കു പോന്നുവോ?’. അമ്മ മറുപടിയായി എഴെട്ടുവയസ്സുള്ള എന്നെ മുന്നിലേയ്ക്കു നീക്കി നിര്‍ത്തി. ആ വയസ്സന്‍ കാരണവര്‍ക്കു നരണിപ്പുഴയോടുണ്ടായിരുന്ന ആദരവ് (അതിശയം, ഭയം എന്തോ) എനിക്കിന്നേവരെയും മനസ്സിലായില്ലെങ്കിലും, അമ്മയുടെ ധീരത നാടുവിട്ടു നരണിപ്പുഴ കടന്നതിലായില്ലെന്നു മനസ്സിലായി. ബന്ധുത്വമേറി ഉരഞ്ഞും പൊടിഞ്ഞും ശത്രുതയിലെത്തിയ മനുഷ്യരെ അമ്മ സ്നേഹിച്ചു കീഴടക്കിയെന്നു് തോന്നിപ്പോകുന്നു.

അച്ഛമ്മയുടെ അഭാവം ഇന്ന് ഐവര്‍മഠത്തില്‍ അച്ഛന്‍ ഒരു ചിതയ്ക്കു തീവയ്ക്കുമ്പോള്‍ മുതല്‍ അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയേക്കും, നിസാരപിണക്കങ്ങളില്‍ പോലും അമ്മ എന്നെ വെറുക്കരുതെന്നു്, അച്ഛമ്മയുടെ ആശ്രയത്വത്തിലല്ലാതിരുന്നിട്ടും അമ്മ ആര്‍ദ്രതയോടെ അവരോടു് ആവശ്യപ്പെട്ടുപോന്നിരുന്നു. അമ്മയുടെ കാലത്തെ സ്ത്രീകള്‍ എല്ലാം ഇങ്ങനെ ആയിരുന്നുവോ? കൂട്ടുകുടുംബങ്ങള്‍ക്കും അണുകുടുംബങ്ങള്‍ക്കും ഇടയില്‍ പെട്ടിരുന്ന ചിലരെങ്കിലും ഇപ്രകാരമൊക്കെ ആയിരുന്നുവെന്നു തോന്നുന്നു. ആരാലും സ്നേഹിക്കപ്പെട്ടില്ലെങ്കിലും അവരാരാലും തന്നെ വെറുക്കപ്പെടാതിരിക്കുവാന്‍ അവരില്‍ ചിലര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

അച്ഛമ്മയുടെ മരണം ഇതെഴുതിക്കുന്നു, അമ്മയറിയാതെ അമ്മയെ കുറിച്ചൊരു രേഖപ്പെടുത്തല്‍,

അന്നു് ഓര്‍മ്മയിലാദ്യം ഏറെക്കുറെ ഏകനായി, അമ്മയുടെ കൈയും പിടിച്ചു കയറിച്ചെന്ന വീട്ടുമുറ്റത്തെ കുറിച്ചു ഞാനോര്‍ക്കുന്നു. അപരിചിതരായ അച്ഛമ്മയുള്‍പ്പെടുന്ന ബന്ധുജനങ്ങളെയും ഓര്‍ക്കുന്നു, മുറ്റം നിറയുന്ന പഞ്ചാരമണലിനേയും, പൂത്തുനില്‍ക്കുന്ന ചെടികളേയും, ഉമ്മറമുറിയിലെ കഥാപുസ്തകങ്ങളേയും ഓര്‍ക്കുന്നു. ആ ഭവനത്തില്‍ വിദ്വേഷ്യത്തിന്റെ മഞ്ഞുരുകുന്ന നേരങ്ങളില്‍ കൂനിക്കൊണ്ടു എന്നെ വന്നു തലോടിയ വൃദ്ധയെ ‘മോനേ അച്ഛമ്മയാണ്’ എന്നു പരിചയപ്പെടുത്തുന്ന ഒരു ഇരുപത്തെട്ടുകാരി അമ്മയേയും ഓര്‍ക്കുന്നു.

Read Full Post »

മരച്ചില്ലകള്‍ക്കിടയിലൂടെ കണ്ടു തുടങ്ങുന്ന ഒരു വെണ്ണക്കല്‍ മന്ദിരം.

തെളിഞ്ഞുവരുന്ന ദൃശ്യത്തില്‍, താജ്.

യമുനയുടെ തീരം, കിളികളുടെ കളകൂജനങ്ങള്‍ക്കൊപ്പം നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.

താജിന്റെ സൌന്ദര്യത്തില്‍ വിസ്മയിച്ചു നില്‍ക്കുന്ന സ്ത്രീകഥാപാത്രം, അവര്‍ക്കൊപ്പം അതേ വികാരം പങ്കിടുന്ന ഒരു പുരുഷന്‍.

പുല്‍‌ച്ചെടികളുടെ മറവില്‍ നിന്ന് ഇരുവരും യമുനയുടെ തീരത്തിലേയ്ക്കു നടന്നെത്തുന്നു.

യമുന, നദിയില്‍ വെണ്ണക്കല്ലുകള്‍ താജായി പ്രതിഫലിക്കുന്ന കാഴ്ച.

സംഗീതം, നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.

അതിനു പക്ഷെ മരണത്തിന്റെ ഈണമില്ലേ? ശ്രദ്ധിച്ചു കേള്‍ക്കൂ അത് മരണത്തിന്റെ ഈണമല്ലേ?

[വീഡിയോ മണിരത്നത്തിന്റെ ‘മൌനരാഗം’ എന്ന ചലച്ചിത്രത്തിലേതു്, ചിത്രത്തിലെ സ്ത്രീപുരുഷന്മാര്‍ രേവതിയും മോഹനും. താജ് എന്നില്‍ പ്രതീകവല്‍ക്കരിക്കുന്ന എല്ലാ വികാരങ്ങളുടേയും സമ്മിശ്രിതമാണ് ഏതാനും നിമിഷങ്ങളില്‍ കെട്ടുപോകുന്ന ഈ ചലച്ചിത്രഭാഷ്യം.]

Read Full Post »

എഴുത്തിനെ സര്‍ഗകലയായി കരുതിപ്പോരുന്ന എഴുത്തുകാരില്‍ കാണപ്പെടുന്ന നൈസര്‍ഗിക ഗുണങ്ങളിലൊന്നു്, പച്ചയായുള്ള ചെടി വര്‍ണ്ണാഭമായ പുഷ്പത്തെ വ്യതിരേകിയായി അവതരിപ്പിക്കുന്നതു പോലെ, ജീവിതത്തിന്റെ വ്യത്യസ്ത അടരുകളില്‍ നിന്നും വേര്‍തിരിച്ചു സ്നേഹത്തെ ഒരു കുല പൂ പോലെ ആവിഷ്കരിക്കുന്നതാണെന്നു തോന്നുന്നു. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ വീടിന്റെയും കല്‍ക്കത്തയെന്ന മഹാനഗരത്തിന്റേയും ഓര്‍ത്തെടുക്കലുകളായി കമലാദാസ് കുറെയേറെ മനുഷ്യരുടെ കഥ പറഞ്ഞിട്ടുണ്ടു്. സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍, സ്നേഹത്തെ അവിശ്വസിക്കുന്നവര്‍, സംശയത്തോടെയും സങ്കോചത്തോടെയും അല്പത്തരത്തോടെയും സ്നേഹത്തെ സമീപിച്ചിരുന്നവര്‍…

ബന്ധുജനങ്ങളുടെയും നാടിന്റെയും നേര്‍ക്കാഴ്ചകളില്‍ പലപ്പോഴും ഈ കഥാപാത്രങ്ങളുടെ തദാകാരങ്ങളെ കാണുവാന്‍ കഴിയുന്നതിലുള്ള അതിശയമാണു്, സ്നേഹത്തിന്റെ ക്രയവിക്രിയത്തിലും അതിന്റെ വിതരണത്തിലും ഉള്‍ക്കൊണ്ടിരിക്കുന്ന പാറ്റേണുകളും, വിചിത്രമായ ചില സാമ്യങ്ങളുമാണു ബന്ധങ്ങളെ നിര്‍വചിക്കുന്നതെന്നു സിദ്ധാന്തീകരിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നതു്. സ്നേഹം പോലെ അനിര്‍വചനീയമായ ഒരു വികാരത്തെ ഇത്തരുണത്തില്‍ ഭൌതികമായി സിദ്ധാന്തീകരിക്കുന്നതു ലേഖകന്റെ കഴിവുകേടായും കരുതേണ്ടതാണു്.

അമ്മാമ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഭാഗത്തായിരുന്നു. മറ്റുള്ള വീടുകളില്‍ നിന്നു കളിക്കാന്‍ വന്നിരുന്ന കുട്ടികള്‍ക്കു യാതൊരു പ്രോത്സാഹനവും അദ്ദേഹം കൊടുത്തിരുന്നില്ല. അവര്‍ ബഹളമുണ്ടാക്കിയാലോ മുറ്റത്തെ പൂഴിചവിട്ടി അലങ്കോലപ്പെടുത്തിയാലോ അമ്മാമന്‍ വിളിച്ചു പറയും

‘മതി, മതി, ഇനി എല്ലാ‍വരും അവരവരുടെ വീട്ടിലേയ്ക്ക് മടങ്ങ്‌‌ാ. നേരം സന്ധ്യയായി.’

ഞാനും ജ്യേഷ്ഠനും അമ്മാമന്റെ ചാരുകസേരക്കരികില്‍ ഉമ്മറത്തിണ്ണമേല്‍ ഇരിക്കാറുണ്ടായിരുന്നു. പെട്രൊമാക്സ് എന്ന വിളക്ക് വാങ്ങിച്ചശേഷം ഞങ്ങള്‍ക്ക് അകത്തേയ്ക്ക് പോകാന്‍ താല്പര്യം തോന്നിയില്ല. തോമസ് മാഷെകൊണ്ടാണ് അമ്മാമന്‍ പെട്രൊമാക്സ് പമ്പ് ചെയ്യിച്ചിരുന്നത്. അഞ്ചക്കാളനും ബാക്കിയുള്ളവരില്‍ പലരും അയാളെ തോമസ് മാഷ്ഷ് എന്നു വിളിച്ചു.

‘നസ്രാണിയാണെങ്കിലും നല്ല മൊഖശ്രീ ഉണ്ട്, അല്ലെ?’ മാധവിയമ്മ എന്നോട് ചോദിച്ചു.

വിഷാദം പൂക്കുന്ന മരങ്ങള്‍ – മാധവിക്കുട്ടി.

ഞാന്‍ ഇക്കുറി പുന്നയൂര്‍ക്കുളം വഴി പോയിരുന്നു. അവിടെ ഇറങ്ങേണ്ടി വന്നില്ല, അച്ഛമ്മയെ കണ്ടുവരുന്ന വഴിയായിരുന്നു. അച്ഛമ്മയ്ക്കു തീരെ വയ്യ, ഒരു പക്ഷെ അച്ഛമ്മ മരിക്കാന്‍ കിടക്കുന്നതു പുന്നയൂര്‍ക്കുളത്തെ ‘ശാന്തി’ ഹോസ്പിറ്റലിലാകും.

അവസാനയാത്രയ്ക്കൊരുങ്ങുന്നവര്‍ ശാന്തി തേടി ഭാരങ്ങള്‍ ഒഴിവാക്കുന്നു. അച്ഛമ്മ കുറച്ചേ സംസാരിക്കുന്നുള്ളൂ, കമലാദാസ് വിഷാദം പൂക്കുന്ന മരങ്ങളെ കുറിച്ചോര്‍മ്മിക്കുന്നു.

Read Full Post »

ഞങ്ങളുടെ വാതില്‍ താരതമ്യേന ദരിദ്രമാണു്. ബാലരമ നല്‍കുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്റെ തമ്പ്‌നെയില്‍ സ്റ്റിക്കറും, അംജദ് ഗ്യാസ് സര്‍വീസസിന്റെ നമ്പറടങ്ങുന്ന മറ്റൊരു സ്റ്റിക്കറുമാണു് അതിനാകെയുള്ളതു്. അതു രണ്ടും ബഷീര്‍ ഒട്ടിച്ചതാകണം. ബാലരമ സ്റ്റിക്കറിലെ ക്രിക്കറ്റ് കളിക്കാരനു് ഇന്ത്യക്കാരന്റെ ഛായയുണ്ടെങ്കിലും എനിക്കവനെ മനസ്സിലായിട്ടില്ല. അംജദ് ഗ്യാസ് സര്‍വീസസിനെ ഞാന്‍ ഇന്നേവരെ വിളിച്ചിട്ടുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അടുക്കളവാതിലിലെ ഗ്യാസ് കമ്പനികളെയാവും ഞാന്‍ വിളിക്കുകയെന്നു തോന്നുന്നു. അവിടെ ഒട്ടനവധി ‘ചോയ്സുകളുണ്ട്’; അവയ്ക്കിടയില്‍ തിരഞ്ഞു്, ഒടുക്കം സമചിത്തത നഷ്ടപ്പെടുമ്പോള്‍ മോശപ്പെട്ട ഒരു മലബാറി ഗ്യാസുകാരനെ ഞാന്‍ വിളിച്ചു വരുത്തുമെന്നാണു്, എന്നെക്കുറിച്ചുള്ള എന്റെ നിര്‍ണ്ണയം.

അപ്പുറത്തെ മുറിയുടെ വാതില്പുറത്തും ഒട്ടനവധി സ്റ്റിക്കറുകളുണ്ട്, അതില്‍ ചുറ്റുവട്ടത്തുള്ള മിക്ക ഗ്രോസറികളുടേയും റസ്റ്റോറന്റുകളുടേയും നമ്പറുകളും ഉള്‍പ്പെടുന്നു. ടെലിഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവയ്ക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്ന എനിക്ക് ആ വാതില്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ടു്, അതില്ലാത്തതുകൊണ്ടാവും ഞാന്‍ അവരെ ബുദ്ധിമുട്ടിച്ചു വാതില്‍ തള്ളിത്തുറന്നു് ഉള്ളിലേയ്ക്കെത്തി നോക്കി നമ്പര്‍ പകര്‍ത്തുന്നതു്. എനിക്കെന്താ ആ നമ്പറുകള്‍ ഓര്‍ത്തുവച്ചാല്‍? ഞാന്‍ ചോദിക്കില്ല, എനിക്കു നാണമില്ല, അവര്‍ ചോദിക്കുമായിരിക്കും, ഇതുവരെ ചോദിച്ചിട്ടില്ല.

ആ മുറിയിലായിരുന്നു ഞാന്‍ ആദ്യം താമസിച്ചതു്, അവിടെ തഗലോഗ്, റഷ്യന്‍, അറബിക് എന്നിവ പഠിക്കുവാനുള്ള ഭാഷാപുസ്തകങ്ങളുണ്ടു്. എനിക്കതു് ഇതുവരെ ആവശ്യം വന്നിട്ടില്ലാത്തതിനാലാകണം ഇപ്പോഴത്തെ മുറിയിലോട്ടു്, അതായതു ബഷീറിന്റെയൊപ്പം താമസം മാറ്റിയപ്പോള്‍ എനിക്കു പരാതിയില്ലാതിരുന്നതു്.

ബഷീര്‍ ദുഷ്ടന്റെ ഫലം ചെയ്യുന്നൊരു ശുദ്ധനാണു്, അവനെ കുറിച്ചു് എന്താണിത്ര വിസ്തരിക്കാനുള്ളതു്, ഒന്നുമില്ലെന്നാണു് ഞാനിത്ര നാളും കരുതിയിരുന്നതു്. ഇന്നലെ രാത്രിയില്‍ അവനെന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നതുവരെ.

Read Full Post »

« Newer Posts - Older Posts »