Feeds:
Posts
Comments

Archive for the ‘സിനിമ’ Category

Director : Cristian Mungiu
Camera : Oleg Mutu
Editor : Dana Bunescu
Actors : Anamaria Marinca, Laura Vasiliu

പ്രസ്തുതസിനിമയെ കുറിച്ചു സൂര്യകാന്തി എന്ന ബ്ലോഗർ എഴുതിയ ഈ കുറിപ്പും സിനിമ എന്ന അനുഭവവുമാണു് ഈ ലേഖനത്തിനു് ആധാരം. സൂര്യകാന്തിയുടെ എഴുത്തിനോടു ആദ്യമായി പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ല എന്നു പറഞ്ഞുകൊണ്ടാണ്.

സിനിമ തുടങ്ങുന്നതും വളരുന്നതും കോളേജ് ഡോർമിറ്ററിയിൽ നിന്നാണു്, പോളിടെക്നിക് വിദ്യാർഥികളായ ഗബീത്തയും ഓടിലിയും കാഴ്ചയിലേയ്ക്കു കടന്നുവരുന്നു. എൺപതുകളിലെ റൊമേനിയ, അതിലെ ജനജീവിതം, ഭരണകൂടം എന്നിവ സിനിമയുടെ പ്രതിപാദ്യവിഷയം.

ഗബീത്ത കഥാപാ‍ത്രം ഏറെക്കുറെ ഒരു ദുർബലചിത്തയെയാണു ആവിഷ്കരിക്കുന്നതു്. ഭയക്കുമ്പോൾ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ശങ്കയിൽ നുണപറയുന്ന ഗബീത്ത പരമ്പരാഗതമായ സോഷ്യൽ നോംസിനോടു അനുകൂലമായി പ്രതികരിക്കുന്ന ഒരുവളാണെന്നു സിനിമ തുടർ ദൃശ്യങ്ങളിൽ ദൃശ്യവൽക്കരിക്കുന്നുണ്ടു്. ഓടിലിയുടെ കഥാപാത്രം കാര്യഗൗരവമുള്ളവളാണു്, എന്നാൽ അതു മാത്രമാണോ ഓടിലി സിനിമയിലൂടെ സംവദിക്കുന്നത്?

ഗബീത്തയെ സംബന്ധിച്ചിടത്തോളം അവരുടെ സ്ത്രീത്വം അബദ്ധത്തിൽ പിണഞ്ഞുപോയ ഒരു ഗർഭത്തിലേയ്ക്കു ചുരുങ്ങിപ്പോവുകയാണു സിനിമയിലുടനീളം. എന്നാൽ ഓടിലി അങ്ങനെയല്ല, ആൺസുഹൃത്തായ ആദിയോടൊപ്പമുള്ള ഓരോ സീനിലും അവർ തന്റെ സ്ത്രീസ്വത്വം വ്യക്തമായി പ്രകടിപ്പിക്കുന്നാതു കാണാവുന്നതാണു്. ഇത്തരം സ്വഭാവവിശേഷം ധാർഷ്ട്യത്തിന്റേതാണെന്നു് ഏത് ആൺ‌മനസ്സും കരുതിപ്പോകുന്നതുപോലെ ആദിയും കരുതുന്നുണ്ട്. എന്നാലും അവൻ വിട്ടുവീഴ്ചകൾക്കു ഒരുങ്ങുന്നുണ്ട്? ‘പക്ഷെ എന്തിനാണ് നീ വിട്ടുവീഴ്ചകൾക്കൊരുങ്ങുന്നത്?’ ഓടിലി ചോദിക്കുന്നു.

ഓടിലി വ്യത്യസ്തയാകുന്നതു തന്റെ സ്ത്രീത്വത്തിനെ അംഗീകരിച്ചു് ആദി വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നതു ലൈംഗികപരമായ മേധാവിത്വം അവളിൽ നേടിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഫെയർ-പ്ലേയുടെ മുന്നൊരുക്കങ്ങളാണു് അവയെന്നു അവൾ മനസ്സിലാക്കുന്നതു കൊണ്ടാണ്. അവൾ അത്തരം വിട്ടുവീഴ്ചാശ്രമങ്ങളെ നിരാകരിക്കുന്നു, ‘എന്നെ തൊടരുതെന്നു ഞാൻ പറഞ്ഞുകഴിഞ്ഞു,’എന്നവൾ പറയുന്നുണ്ട്.

സ്വന്തമായുള്ള സ്ത്രൈണബോധത്തിൽ സ്വയമിഷ്ടപ്രകാരം തന്നെത്തന്നെ ആവിഷ്കരിക്കുവാനുള്ള, പ്രകടിപ്പിക്കുവാനുള്ള സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണ് ആന്റി-അബോർഷൻ നിയമങ്ങൾ. റൊമാനിയയിലെ ഈ നിയമം കഥയുടെ ഭാഗഭാക്കാവുന്നതു് അതു സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കുള്ള സാമൂഹിക കടന്നുകയറ്റത്തിന്റെ രൂപകം ആവുന്നതുകൊണ്ടുമാത്രമാണ്. സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ലെന്നു പറയേണ്ടി വന്നതും അതുകൊണ്ടാണ്. രൂപകങ്ങൾ രൂപകങ്ങൾ മാത്രമായിരിക്കണം, കഥ പരാജയപ്പെടുന്നതു് അനുവാചകർ രൂപകക്കാഴ്ചകളെ കല തന്നെയായി തെറ്റിദ്ധരിക്കുമ്പോഴാണു്, രാഷ്ട്രീയപരമായി കലയ്ക്കുള്ള എല്ലാ സാധ്യതകളേയും തല്ലിക്കെടുത്തുന്ന ഒന്നാണിതു്.

Compassion സ്ത്രീസ്വഭാവങ്ങളുടെ ഗരിമയാണു പലപ്പോഴും, അതു് അവരുടെ ദൗർബല്യമായി പ്രായോഗികസമൂഹം വീക്ഷിക്കുന്നുണ്ടെങ്കിൽ തന്നെയും. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട എല്ലാവിധം ആളുകളും റൊമാനിയൻ നിയമപ്രകാരം തെറ്റുകാരാണ്‌, കൊലക്കുറ്റത്തിനു വരെ ശിക്ഷിക്കപ്പെടാവുന്ന ഗുരുതരമായ തെറ്റ്. ഓടിലി ഗബീത്തയെ അവൾക്കുവേണ്ട അബോർഷനു സഹാ‍യിക്കുന്നതിന്റെ രംഗങ്ങളിലൂടെയാണു സിനിമ ആദ്യപകുതിയിൽ സഞ്ചരിക്കുന്നത്. എന്നിരുന്നാലും ഗബീത്തയെ സിനിമ ഏറെക്കുറെ അവഗണിക്കുകയാണ്, അവൾ കാരണം മാത്രമാണ് (cause fr
om the cause and the effect). അബോർഷൻ ആവശ്യമുള്ള ഒരു സ്ത്രീ എന്ന സാമൂഹിക കല്പനയല്ലാതെ മറ്റൊന്നും ഗബീത്തയിൽ സിനിമ ആരോപിക്കുന്നില്ല. ഭ്രൂണഹത്യയ്ക്കു ഗബീ‍ത്ത ഏർപ്പാടു ചെയ്ത ഡോക്ടർ വിലപേശിത്തുടങ്ങുന്നതോ‍ടെ കഥയുടെ ഗതിമാറുകയാണ്.

ഇര-വേട്ടക്കാരൻ ദ്വന്ദങ്ങളിലെ സാമൂഹിക പരിതസ്ഥിതിയിൽ വേട്ടക്കാരനു ചെയ്യുവാൻ കഴിയുന്നത് തന്നേക്കാൾ മറ്റൊരു നല്ല ഒരു ചോയ്സ് വേറൊന്നില്ലെന്നു ഇരയെ ബോധ്യപ്പെടുത്തലാണ്. കൊല്ലാനുള്ള കഴിവുണ്ടെങ്കിലും അതു ചെയ്യുന്നില്ലെന്നു പ്രകടിപ്പിക്കുന്ന സ്റ്റോൿഹോം സിൻഡ്രോം അവസ്ഥകളിലെ വേട്ടക്കാരനും അതു തന്നെയാണു ചെയ്യുന്നത്. സമാനമായ അവസ്ഥയിൽ ഡോ‍ക്ടർ ആവശ്യപ്പെടുന്നത്ര കാശു കൊടുക്കാമെന്നു സമ്മതിക്കുകയാണ് ഗബീത്തയ്ക്കുള്ള വഴി, എന്നാൽ ആ സമയത്തു് അത്രയും ധനം ആർജ്ജിക്കുവാനുള്ള കഴിവും ഗബീത്തയ്ക്കും ഓടിലിയ്ക്കുമില്ല എന്നതാണു വസ്തുത. ഓടിലിയുടെ നേരെ ക്ഷോഭത്തോടെയുള്ള ഒരു വാക്കു തർക്കത്തിനു ശേഷം ഡോക്ടർ ഇറങ്ങിപ്പോകുവാൻ തുനിയുന്നു, അയാൾ പോകവേ ഓടിലി എന്തോ പറയുകയും അയാളതു കേട്ടില്ലെന്നു വീണ്ടും ക്ഷോഭിക്കുകയും ചെയ്യുന്നു.

ഗബീത്ത ഓടിലിക്കു വേണ്ടി ഡോക്ടറോടു അവൾ പറഞ്ഞതു ആവർത്തിക്കുന്നു ‘She’s got her period.’ ഡോക്ടർ സമ്മതഭാവത്തോടെ ഗബീത്തയുടേയും ഓടിലിയുടേയും ഹോട്ടൽ‌മുറിയ്ക്കകത്തേയ്ക്കു തിരിച്ചുവരുമ്പോൾ ഓടിലി ക്യാമറയ്ക്കു പുറംതിരിഞ്ഞിരുന്നു വസ്ത്രമുരിയുകയാണ്.

സ്ത്രീസ്വാതന്ത്ര്യങ്ങളിൽ തന്നെ പലപ്പോഴും സ്ത്രീകൾ ഏറ്റവും വിലമതിക്കുന്ന ലൈംഗികസ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റം, അതിനെ നഷ്ടപ്പെടുത്തൽ എന്നിവ ഓടിലിയിൽ വരുത്തുന്ന പരിവർത്തനങ്ങളെയാണു സിനിമ ഏറ്റവും തീവ്രമായി സ്പർശിക്കുന്നത്. ഡോക്ടർ അതിലളിതമായ ഒരു പ്രക്രിയയിലൂടെ അബോർഷനു തുടക്കം കുറിച്ചുകൊണ്ടു മുറിവിട്ടു പോകുന്നു, ഓടിലിയോടു ഗബീത്ത നന്ദി പറയുന്നു. മറുപടിയായി ഓടിലി ഗബീത്തയോടു ചോദിക്കുന്നത് എന്തുകൊണ്ടാണ് Mr. Bebe എന്നയാളെ ഭ്രൂണഹത്യയ്ക്കായി ഗബീത്തയുടെ കൂട്ടുകാരി നിർദ്ദേശിച്ചതെന്നായിരുന്നു. ‘I’m just curious to know..’ ഓടിലി കഴിഞ്ഞ മണിക്കൂറിൽ സംഭവിച്ച കാര്യങ്ങളുടെ വിശ്വസിക്കുവാൻ പ്രയാസപ്പെടുന്നതു പോലെയാണ്. ഗർഭകാലം 2 മാസമെന്നു നുണപറഞ്ഞതും ഓടിലി സഹോദരിയാണെന്നു ഗബീത്ത ഡോക്ടറോടു നുണപറഞ്ഞതുമെല്ലാം ഓടിലിയെ ചൊടിപ്പിക്കുന്നുണ്ട്‌. അവളുടെ സ്വത്വബോധത്തിലേയ്ക്കു ഒരു പുരുഷനു കടന്നുകയറുവാൻ അവസരമുണ്ടാക്കിയതു ഗബീത്തയാണെന്നു തീർച്ചയുണ്ടെങ്കിലും മുറിവിട്ടുപോകും മുമ്പ് ഓടിലി അവർ ആദ്യം റൂം റിസർവ് ചെയ്ത ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അവർക്കു റൂം അനുവദിക്കാത്തതുകൊണ്ടാണ് ഇങ്ങനെയല്ലാം സംഭവിച്ചതെന്നു ആ‍ശ്വസിക്കുവാൻ ശ്രമിക്കുന്നുണ്ട്. സ്ത്രീജാഗ്രതകൾ സ്ത്രീകൾക്കു നേരെയും തുറന്നുവയ്ക്കാത്ത അവസ്ഥകൾ പലപ്പോഴും ദുരന്തമാകുന്നതിന്റെ ഉദാഹരണമാവുകയാണു് ഓടിലി.

ലളിതമായ അബോർഷൻ രീതിയും, ഒരു പക്ഷെ പനി വരികയാണെങ്കിൽ ആസ്പിരിൻ കഴിച്ചുകൊള്ളാൻ ഡോക്ടർ പറയുന്നതും, ഡോക്ടറുടെ തന്നെ വിവരണത്തിൽ തെളിവുനശിപ്പിക്കേണ്ട അതിഗൗരവതരമായ കുറ്റമാണു ഭ്രൂണഹത്യ എന്നിരിക്കിലും സ്വന്തം ഐഡന്ററ്റികാർഡ് ഹോട്ടൽ മുറിയുടെ റിസപ്ഷനിൽ ഡോക്ടർ മറന്നുപോകുന്നത് എന്നിവയെല്ലാം ഓടിലിയെ തന്റെ വ്യക്തിഹത്യയെ കുറിച്ചു കൂടുതൽ ബോധവതിയാക്കുന്നു. ആദിയുടെ വീട്ടിലേയ്ക്കുള്ള യാത്ര, അധികം യാത്രക്കാരില്ലാത്ത ബസ്സുകൾ, തിരക്കില്ലാത്ത റൊമാനിയൻ തെരിവുകൾ എന്നിവയിലൂടെ ദൃശ്യങ്ങൾ കടന്നുപോകുമ്പോൾ ഓടിലി തനിക്കു സംഭവിച്ചതിനെ കുറിച്ചു കൂടുതൽ ബോധവതിയാവുകയാണു്.

യഥാർത്ഥത്തിൽ സ്ത്രീകൾക്കു അവകാശപ്പെട്ടതൊന്നു നിയമപരമായി നിഷേധിക്കുക വഴി അവരെ കൂടുതൽ അടിമത്വത്തിലേയ്ക്കു തള്ളിയിടുകയാണു സമൂഹം ചെയ്യുന്നത് എന്ന ത
രിച്ചറിവ് ഓടിലി എന്ന സ്ത്രീയ്ക്കുണ്ടാവുന്നുണ്ട് (സമാനമായ ഒരു കാഴ്ചപ്പാട് ഖുദാ കേ ലിയെ എന്ന പാക്കിസ്താനി ചലച്ചിത്രത്തിൽ മറിയത്തിന്റെ കഥാപാത്രം ആവിഷ്കരിക്കുന്നു. അമ്മ എന്ന അവസ്ഥയിൽ മറിയത്തെ സമുദായം തന്ത്രപൂർവ്വം കുരുക്കിയിടുന്നതും, അമ്മയാവാതിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന റോമാനിയ സ്ത്രീത്വവും തത്വത്തിൽ സ്ത്രീസ്വാതന്ത്ര്യനിഷേധം തന്നെയാണു്.) Mr Bebe എന്ന ഡോക്ടറെ നിർദ്ദേശിക്കുക വഴി അത്തരം ഒരു അടിമത്തം തങ്ങൾക്കു ഏറ്റു വാങ്ങേണ്ടി വന്നെന്നും ഓടിലി ഗബീത്തയോടു കലഹിക്കുന്നുണ്ടു്.

സ്ത്രീസ്വാതന്ത്ര്യങ്ങളിലേയ്ക്കു കടന്നുകയറ്റം ഓടിലിയെ സാമൂഹിക ഇടപെടലുകളിൽ നിന്നും എത്രമാത്രം ഒളിച്ചോടുവാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു് ആദിയുടെ വീട്ടിൽ അയാളുടെ അമ്മയുടെ പിറന്നാളാഘോഷങ്ങളിൽ പങ്കുകൊള്ളുന്ന അവളുടെ ശാരീരികഭാഷ്യം പോലും വെളിപ്പെടുത്തുന്നുണ്ടു്. ഒരു പക്ഷെ അവിഹിതമായി ഗർഭം ധരിച്ച ഗബീ‍ത്തയെ സമൂഹം തിരസ്കരിച്ചേയ്ക്കാവുന്നതിനും എത്രയോ തീവ്രമായായിരിക്കും ഓടിലി തന്നെത്തന്നെ സമൂഹത്തിൽ നിന്നും തമസ്കരിച്ചെടുക്കുന്നതു്.

പുരുഷലോകത്തിന്റെ കടന്നുകയറ്റത്തെ ഓടിലി തന്റെ ശരീരത്തിൽ നിന്നും കഴുകിക്കളയുവാൻ നടത്തുന്ന ശ്രമങ്ങളിലൂടെ സിനിമ ഓടിലിയുടെ സ്ത്രീഭാഷ്യത്തെ അതിതീവ്രമായി ചിത്രീകരിക്കുന്നുണ്ട്. ഡോക്ടർക്കു വഴങ്ങിക്കൊടുക്കുന്നതിനു ശേഷം ഓടിലി യോനി കഴുകുന്നത്, അവൾ ആവർത്തിച്ചു മുഖം കഴുകുന്നതും ചുണ്ട് അമർത്തിത്തുടയ്ക്കുന്നതും, നിരവധി മാനസിക സംഘർഷങ്ങൾക്കു ശേഷവും തന്റെ സ്ത്രീചിത്തത്തിലേയ്ക്കു നടത്തിയ കടന്നുകയറ്റത്തെ അവഗണിക്കാനാവാതെ വരുമ്പോൾ ഛർദ്ദിച്ചുപോകുന്നത് എന്നിങ്ങനെ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആത്മവിശ്വാസമുള്ള ഓടിലിയുടെ മുഖം ക്ഷീണിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളോടെ ഓടിലിയിലെ തകർച്ചയെ പൂർണ്ണമായും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.

ഓടിലി ആദിയുടെ വീട്ടിൽ നിന്നു ഗബീത്തയുടെ ഹോട്ടൽ മുറിയിലേയ്ക്കു തിരിച്ചുവരുമ്പോൾ രണ്ടോ മൂന്നോ ദിവസം പോലും നീണ്ടു നിന്നേയ്ക്കുമെന്നു ഡോക്ടർ ഭയപ്പെടുത്തുംവിധം ആവർത്തിച്ച ഭ്രൂണഹത്യ ഏതാനും മണിക്കൂറുകൾക്കകം തീർന്നിരിക്കുന്നതാണു കാണുന്നതു്. ഓടിലി ബാത്ത്‌റൂമിൽ ഒരു ടവലിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഭ്രൂണത്തെ തൊടുന്നു, മാതൃസഹജമായ പിടച്ചിലോടെ തന്നെ.

ഓടിലിയുടെ മൂന്നു യാത്രകൾ സിനിമയെ നിർവചിക്കുന്നുണ്ട്, അബോർഷനു പറ്റിയ റൂമും ഡോക്ടറിനേയും തേടിപ്പോകുന്ന ആദ്യയാത്ര. ആദിയുടെ വീട്ടിലേയ്ക്കുള്ളതും ഗബീത്ത പ്രസവിച്ച ഭ്രൂണത്തെ ഉപേക്ഷിക്കുവാൻ പോകുന്നതുമായ മറ്റു രണ്ടു യാത്രകളും. അവഗണന, അപമാനം, ഒറ്റപ്പെടൽ എന്നിവ ആദ്യത്തെ യാത്രയിൽ അവളെ തൊടുമ്പോൾ അവസാനത്തെ രണ്ടു യാത്രയിൽ ഇരുട്ടിൽ പൊതിഞ്ഞുകൊണ്ടാണു്‌ അവ ഓടിലിയെ വീണ്ടും തൊടുന്നതെന്നേ വ്യത്യാസമുള്ളൂ. ഭ്രൂണം ഉപേക്ഷിച്ചു ഓടിലി തിരിച്ചുവരുമ്പോൾ ഗബീത്തയെ മുറിയിൽ കാണുന്നില്ല, റിസെപ്ഷനിൽ അന്വേഷിക്കുമ്പോൾ ഗബീത്ത റെസ്റ്റോറന്റിലുണ്ടെന്നു മറുപടി ലഭിക്കുന്നു.

സത്യത്തിൽ ഗബീത്ത ദുർബലചിത്തയാണോ എന്ന ചോദ്യം ഉയർന്നുവരുന്നത് ഇപ്പോഴാണ്. വളരെ ലളിതമായി അബോർഷനു വിധേയമാവുകയും അതിലും ലളിതമായി കൊല്ലപ്പെടുന്ന ഭ്രൂ‍ണത്തിനെ അവൾ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹികമായ ചട്ടക്കൂടുകളിൽ ഒതുങ്ങിജീവിക്കുവാൻ ഒന്നു പിടയുന്നതിന്റെ ഗൗരവമേ അബോർഷനു പോകുമ്പോൾ പരീക്ഷക്കു പഠിക്കുവാനുള്ള പുസ്തകങ്ങൾ കൂടെ കരുതിക്കോട്ടേ എന്നു ഗബീത്ത ഓടിലിയോടു ചോദിക്കുന്നതിലുള്ളൂ. സാമൂഹികതയുടെ അതിർ‌വരമ്പുകളിൽ സ്വയം കുടുങ്ങിക്കിടക്കുവാൻ പ്രയത്നിക്കുന്നതിലെ കാപട്യത്തെയാണു ഗബീത്തയുടെ നിഷ്കളങ്കത എന്നു തെറ്റിദ്ധരിക്കുന്നതെന്നു തോന
്നുന്നു. അവിഹിതഗർഭത്തിനു ശേഷം അവളെ തൊടാവുന്ന അടുത്ത സാമൂഹിക വ്യവസ്ഥിതി പരീക്ഷയാണെന്നു നന്നായറിയുന്ന വളരെ പ്രാക്റ്റിക്കലായിട്ടുള്ള കഥാപാത്രമാണു ഗബീത്തയുടേതു്. ഗബീത്തയുടെ സ്ത്രീസ്വത്വം നിലനില്പിന്റേതാണു് ഒത്തുതീർപ്പുകളുടെയും, എന്നാൽ ഓടിലിയുടേതു സ്ത്രൈണബോധങ്ങളുടേതാണു്. സ്നേഹം, കാരുണ്യം, വിമതത്വം ഇവയെല്ലാം തന്നെ ഓടിലിയെ സംബന്ധിച്ചിടത്തോളം സ്ത്രീസഹജമായ വിപ്ലവബോധമാണു്, അവർ ഗബീത്തയിൽ പ്രതികരിക്കുന്നതു സ്ത്രീയായി തന്നെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യബോധത്തോടെയാണു്.

അവസാന രംഗത്തു ഗബീത്ത ഭക്ഷണത്തിനു മുമ്പിലും, ഓടിലി ഒന്നും കഴിക്കാതെയും, ഇരുവരും തങ്ങൾക്കഭിമുഖമായി ഇരിക്കുന്നതായാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നതു്. ഒട്ടൂനേരം ഗബീത്തയെ നോക്കിക്കൊണ്ടിരുന്നതിനു ശേഷം ഓടിലി ക്യാമറയെ അഭിമുഖീകരിക്കുന്നു, ഒരു വാഹനം ഇരമ്പിവരുന്ന ശബ്ദത്തിനെയും ക്യാമറയെ അഭിമുഖീകരിക്കുന്ന ഓടിലിയുടെ ദൃശ്യത്തെയും ഒരു abrupt cut -ൽ എഡിറ്റ് ചെയ്തുകൊണ്ടു് അല്പനേരത്തെ ഇരുട്ടിനു ശേഷം എൻഡ് ടൈറ്റിൽ‌സിൽ anamaria marinca എന്നെഴുതിക്കാണിക്കുന്നു, അതെ ഓടിലിയായി അഭിനയിച്ച അതേ സ്ത്രീ.

സിനിമയിൽ ഗർഭിണിയായിരിക്കുന്നതും ഭ്രൂണഹത്യയ്ക്കു ശ്രമിക്കുന്നതും കഥാപരമായി ഗബീത്തയായേക്കാം, ഒരേ സമയം ഭ്രൂണം തൊടുന്ന അമ്മയായും, സ്ത്രീബോധങ്ങളുടെ ആകെത്തുകയായും അവതരിക്കപ്പെടുന്നതു ഓടിലിയാണു്. ഒരു സീനിൽ പോലും ഗബീത്ത മാതൃസഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും ശ്രദ്ധേയമാണു്, തന്റെ സ്ത്രീത്വത്തിനെ സമൂഹത്തിനു മുമ്പിൽ വലിയ കേടുപാടില്ലാതെ നിലനിർത്തിക്കൊണ്ടുപോവുന്ന ഗബീത്തയും സ്ത്രീബോ‍ധത്തിൽ ഒരു റിവോൾടിൽ ഏർപ്പെടുകയും ചെയ്ത ഓടിലിയും കൂട്ടുകാരികളാണെങ്കിലും രണ്ടു ധ്രുവങ്ങളിലാണു്, ഓടിലി പരാജയപ്പെട്ടുപോകുന്ന സ്ത്രീവിമതത്വത്തെ ദൃശ്യവൽക്കരിക്കുന്നു.

സിനിമയോടും സൂര്യകാന്തിയുടെ ലേഖനത്തിനോടും അവസാനമായും പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെക്കുറിച്ചേ ആയിരുന്നില്ല എന്നു തന്നെയാണു്.

Read Full Post »

ഷിമിത് അമിന്‍ എന്ന സംവിധായകന്‍ ‘അബ് തക് ഛപ്പന്‍’ എന്ന ചലച്ചിത്രത്തിനു ശേഷം ഇന്ത്യന്‍ വെള്ളിത്തിരയെ സമീപീക്കുന്നതു സ്വാതന്ത്ര്യദിനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിട്ടാണു്. ആഗസ്ത് പത്തിനു പ്രദര്‍ശനത്തിനെത്തിയ ‘ചക് ദെ ഇന്ത്യ’യുടെ (chak de india) ബോക്സോഫീസ് പ്രതികരണങ്ങള്‍ സിനിമയുടെ കമേഴ്സ്യല്‍ വിജയത്തിലേയ്ക്കുള്ള ആദ്യത്തെ സൂചന കൂടിയാണു്. പൊതുവില്‍ ബോളിവുഡ് ഫ്ലിക്കുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന തട്ടുപൊളിപ്പന്‍ ബോംബെ-നിര്‍മ്മിത ഹിന്ദി സിനിമകളില്‍ നിന്നു് ഇന്ത്യയിലെ മുഖ്യധാരാസിനിമകള്‍ പ്രമേയാധിഷ്ഠിതമായ ചലച്ചിത്ര നിര്‍മ്മാണത്തിലേയ്ക്കു ചുവടുമാറിയതു കഴിഞ്ഞ ഏതാനും കൊല്ലങ്ങളിലായാണു്. പ്രമുഖ താരങ്ങളില്‍ പലരും പാരലല്‍ സിനിമ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നവ-ബോളിവുഡ് സിനിമകളെ സ്വീകരിക്കുന്നതു പതിവു കാഴ്ചകളായി. അമിന്റെ അബ് തക് ഛപ്പന്‍, ഒരു നവസംവിധായകന്‍ എന്ന നിലയ്ക്കു് അദ്ദേഹത്തിന്റെ മികച്ച തുടക്കമായിരുന്നു. ഈ സിനിമ നല്‍കിയ പ്രതീക്ഷകളാണു യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഷാറൂക്ക് ഖാന്‍ സിനിമയിലേയ്ക്കു ലേഖകനെ കൊണ്ടുചെന്നെത്തിച്ചതു്.

ഇതെഴുതുമ്പോള്‍ ഇന്ത്യന്‍ ജനത അവരുടെ അറുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ അവസാന മണിക്കൂറുകളിലാണു്. ഇന്ത്യന്‍ അസ്തിത്വം ഈ ലേഖകന്‍ ഉള്‍പ്പെടെ മിക്കവരുടേയും പ്രാഥമികവിദ്യഭ്യാസകാലത്തു സ്പൂണ്‍ ഫീഡ് ചെയ്യപ്പെട്ടതു പോലെ ‘നാനാത്വത്തിലെ ഏകതയെയാണു്’ പ്രതീകവല്‍ക്കരിക്കുന്നതു്. മദ്രാസ്സികള്‍ക്കും ബീഹാ‍രികള്‍ക്കും പഞ്ചാബികള്‍ക്കും കാശ്മീരികള്‍ക്കും ഏകമായൊരു ഇന്ത്യന്‍ മനസ്സ്. ഒരു പക്ഷെ ക്രിക്കറ്റ് എന്ന സാര്‍വ്വദേശീ‍യ വിനോദോപാധിയിലല്ലാതെ ഇന്നത്തെ ഇന്ത്യന്‍ ജനത ഈയൊരു ഇന്ത്യന്‍ മനസ്സിനെ തൊട്ടറിഞ്ഞു കാണുമോ?

ചക് ദെ ഇന്ത്യ, ഹോക്കിയെ കുറിച്ചാണു്, അതും ഇന്ത്യയിലെ വനിതാഹോക്കിയെ കുറിച്ചു്. ക്രിക്കറ്റിനപ്പുറം യുദ്ധകാലത്തല്ലാതെ ദേശീയത എന്തെന്നറിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ ജനതയുടെ കാഴ്ചപ്പാടിലുള്ള ഹോക്കി എന്ന ദേശീയ കായികവിനോദത്തെ കുറിച്ചു്. അമിന്‍ ഈ സംരംഭത്തില്‍ വിജയിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ സിനിമ ഇന്ത്യന്‍ ദേശീയതയെ പ്രതീകവല്‍ക്കരിക്കുന്നതു് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തില്‍ നിന്നാണെന്നതിലാണു്.

കബീര്‍ ഖാന്‍ (ഷാറൂക്ക് ഖാന്‍) ഇന്ത്യന്‍ ഹോക്കി ടീമിന്റെ നേതൃസ്ഥാനത്തുനിന്നു കളിക്കവെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ പരാ‍ജയപ്പെടുന്നയിടത്താണു സിനിമ തുടങ്ങുന്നതു്. കബീര്‍ മുസ്ലീമാണു്, കളിക്കുന്നതു പാക്കിസ്താനെതിരെയാണു്, കളിയില്‍ പിഴയ്ക്കുന്നതും അയാള്‍ക്കു തന്നെ. ചില പ്രത്യേക ജീവിതസന്ധികള്‍‍ ഇന്ത്യന്‍ മുസല്‍‌മാനെ അറുപതു കൊല്ലം മുമ്പുള്ള വിഭജനത്തിന്റെ നിസ്സഹായതിലേയ്ക്കു തള്ളിയിടാറുണ്ടു്, അത്തരമൊരു നിമിഷത്തില്‍ പാക്കിസ്താനെതിരെ കളിക്കുന്ന മുസ്ലീമിനെ അവിശ്വസിക്കുന്ന ഇതര ഇന്ത്യക്കാരിലൂടെയാണു നാനാത്വത്തിലെ ഏകതയെന്ന കപട അവകാശവാദത്തിന്റെ മുഖം‌മൂടി അമിന്‍ ആദ്യമായി വലിച്ചു കീറുന്നതു്.

സായുടെ (SAI) ദേശീയവനിതാഹോക്കി ക്യാമ്പ്. ദേശീയ ടീ‍മിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റുമായി ക്യാമ്പിലെ റെജിസ്ട്രേഷന്‍ കൌണ്ടറിലിരിക്കുന്ന ശുക്ലാജി. ഝാര്‍ഖണ്ഡിലെ കാനനവാസികളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നതില്‍ അതിശയം കൊള്ളുന്ന സായ് ജീവനക്കാരനാണു ശുക്ലാജി. കേരളീയര്‍ എല്ലാ തുറകളിലും അവരവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു എന്നു പരിഭവിച്ച ഗുജറാത്തി സുഹൃത്തിനോടു് ഈ ലേഖകനു പ്രതികരിക്കേണ്ടി വന്നതു ഇങ്ങിനെയാണു്, ‘എനിക്ക് ഗുജറാത്തിലെ നാലു നഗരങ്ങളുടെ പേരറിയാം, അവിടം ഭ
ിക്കുന്നവരെയറിയാം, നിനക്ക് കേരളത്തിലെ ഒരു നഗരത്തിന്റെ പേരെങ്കിലും ഓര്‍ത്തെടുക്കാമോ?’. ഉത്തരേന്ത്യയില്‍ രൂപീകൃതമായ പുതുസംസ്ഥാനമാ‍യതു കൊണ്ടാവാം ശുക്ലാജിക്കു ഝാര്‍ഖണ്ഡ് എന്ന കേട്ടറിവെങ്കിലും ഉണ്ടായതു്. മറിച്ചു ദക്ഷിണത്തിലെ തെലുങ്കും മലയാളവും കന്നടയും ഉത്തരേന്ത്യനു തമിഴ് മാ‍ത്രമാണു്. അതുകൊണ്ടാണു തമിഴും തെലുങ്കും ഒന്നല്ലേ എന്നു് അതിശയിക്കുന്ന ശുക്ലാജിയോട്, അല്ല അവയ്ക്കു ബീഹാറിനും പഞ്ചാബിനും ഉള്ളത്ര വെവ്വേറെ അസ്തിത്വമുണ്ടെന്നു് ആന്ധ്രയില്‍ നിന്നുള്ള കളിക്കാരി നേത്രാ റെഡ്ഡിക്കു പ്രതികരിക്കേണ്ടി വരുന്നതു്. മണിപ്പൂരില്‍ നിന്നു വരുന്ന കുട്ടികളോടു്, ‘ഇത്രദൂരേയ്ക്കു വന്നതല്ലെ, ഞങ്ങളുടെ അതിഥികളാണു നിങ്ങള്‍’ എന്നു ശുക്ലാജി പ്രതിവചിക്കുമ്പോഴാണു ചക് ദെ ഇന്ത്യ, ‘സ്വന്തം രാജ്യത്തു അതിഥികളായി മാറിയിരിക്കുന്നതിന്റെ’ ധാര്‍മികരോഷത്തെ മണിപ്പൂരി പെണ്‍‌കുട്ടികളില്‍ ചിത്രീകരിച്ചു് ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതു്.

അമിന്റെ സിനിമ തുടക്കത്തില്‍ നല്‍കുന്ന ഈ പ്രഹരങ്ങളില്‍ നിന്നു് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മുന്നേറുന്നതു കുറേകൂടെ സംഘര്‍ഷഭരിതമായ കഥാസന്ദര്‍ഭങ്ങളിലേയ്ക്കാണു്‌. ഇന്ത്യന്‍ സ്ത്രീത്വത്തിനു അടുക്കളപ്പണിയൊഴികെ ഒന്നും ചേരുകയില്ലെന്നു വിശ്വസിക്കുന്ന ഹോക്കി അസോസിയേഷനും, കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കപ്പെടുന്ന ഫ്ലാറ്റും സര്‍ക്കാര്‍ ഉദ്യോഗവും കരസ്ഥമാക്കുന്നതോടെ വനിതാകളിക്കാര്‍ വീട്ടമ്മകളാണെന്നു പൊടുന്നനെ ഓര്‍ക്കുന്ന ഇന്ത്യന്‍ ഭര്‍ത്താക്കന്മാരും അമിന്റെ സിനിമയിലുണ്ടു്. ചണ്ഡീഗഡ് എന്നും ഹരിയാനയെന്നും, ഏവരും താന്താന്നുങ്ങളുടെ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കളിക്കുന്നവരെന്നും ഉപബോധത്തില്‍ തന്നെ കരുതിപ്പോരുന്ന ഇന്ത്യന്‍ കളിക്കാരെ, ടീം ഇന്ത്യയെന്ന ഏകതയിലേയ്ക്കു പരിവര്‍ത്തനപ്പെടുത്തുന്നതിന്റെ ദൃശ്യഭാഷ്യമാണ് സിനിമയുടെ ആദ്യപകുതിയിലുടനീളം. കബീര്‍ ഖാനെ അവതരിപ്പിക്കുന്ന ഷാറൂഖ് കണിശക്കാരനായ ഇന്ത്യന്‍ കോച്ചായി കണിശമായി തന്നെ സംസാരിക്കുന്ന ഈ രംഗങ്ങളിലൂടെയാണു സിനിമ വളരുന്നതും.

ക്രിക്കറ്റ് എന്ന വിനോദത്തിനെ കുറിച്ച് പല ഘട്ടങ്ങളിലും അമിന്റെ സിനിമ നിരീക്ഷിക്കുന്നുണ്ടു്. ആ കളിയുടെ മാസ്മരികതയെ കുറിച്ചു്, കളിക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന സൂപ്പര്‍-ഹീറോ താരപരിവേഷങ്ങളെ കുറിച്ചു് എന്നിങ്ങനെയെല്ലാം. ഒരു ഘട്ടത്തില്‍ കബീര്‍ പാതി തമാശയോടെ പറയുന്നു, ‘ഇന്ത്യയില്‍ കളിക്കാന്‍ കൊള്ളാവുന്നതു രാഷ്ട്രീയവും ക്രിക്കറ്റുമാണെന്നു്.’ പ്രീതി സബര്‍വാള്‍ എന്ന ചണ്ഡീഗഡുകാരിയുടെ പ്രതിശ്രുതവരന്‍ എന്ന രീതിയില്‍ അവതരിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ്-കാപ്റ്റ്യന്റെ കഥാപാത്രത്തെ കൊണ്ടു തന്നെ ക്രിക്കറ്റിന്റെ ഗ്ലാമറിനെ കുറിച്ചും ഹോക്കിയുടെ നിസാരതയെ കുറിച്ചും അമിന്‍ സംസാരിപ്പിക്കുന്നുണ്ടു്. ഇന്ത്യന്‍ ജനതയുടെ മേല്‍ കഴുകന്‍ കണ്ണുകളോടെ ആധിപത്യം നേടിയിരിക്കുന്ന കച്ചവടതല്പരത ആറ്റുനോറ്റുണ്ടാക്കിയ ബ്രെയ്‌ന്‍‍-ചൈല്‍ഡ്, ക്രിക്കറ്റ് എന്ന കളി നേടുന്നതെല്ലാം ഇന്ത്യന്‍ യുവത്വം നഷ്ടപ്പെടുത്തുന്ന കായികതല്പരതയുടെ മറുവശമാണെന്ന യാഥാര്‍ത്ഥ്യം അമിന്‍ സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടു്.

കബീര്‍ ഖാന്‍ പരിശീലിപ്പിച്ചെടുക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ ലോകകപ്പ് പ്രകടനമാണു സിനിമയിലെ അവസാനപാതിയിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നതു്. ഇന്ത്യന്‍ സമൂഹം സ്ത്രീപുരുഷഭേദമന്യെ വനിതകളുടെ സാമൂഹിക ഇടപെടലുകളെ ദോഷൈകദൃഷ്ടിയോടെ കണ്ടുപോരുന്നുവെന്നതിന്റെ ചില ദൃഷ്ടാന്തങ്ങളും സിനിമ ഈ പകുതിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടു്. ടീമിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ബിന്ദിയ നായിക്കിന്റെ
കഥാപാത്രം തനിക്കു നഷ്ടപ്പെട്ട നായകസ്ഥാനം, വിദ്യ ശര്‍മ്മയെന്ന പുതുനായിക കോച്ചിനുമേല്‍ അവള്‍ക്കുള്ള ലൈംഗികപരമായ സ്വാധീനം ഉപയോഗിച്ചാണു നേടിയതെന്നു കരുതിപ്പോകുന്നതു് ഒരു ഉദാഹരണം. സ്ത്രീകളുടെ ഓരോ നേട്ടവും, എന്തിനു വീടുകളുടെ മറ വെടിഞ്ഞു സമൂഹത്തില്‍ അവര്‍ തലകാണിക്കുന്നതു പോലും ലൈംഗികമായ ഇടപെടലുകള്‍ക്കായാണെന്നു സ്ത്രീയും പുരുഷനും ഒരേ പോലെ ചിന്തിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദയനീയതയെയാണു് അമിന്‍ ആവിഷ്കരിക്കുന്നതു്. അസമയത്തു (ഹാ അതെന്തൊരു സമയം?) ബസ് സ്റ്റേഷനില്‍ കാണപ്പെടുന്ന സ്ത്രീയെ കുറിച്ചു കേരളത്തിലെ പുരുഷനുള്ള വിചാരം തുറന്നുപറഞ്ഞ ഏഷ്യാനെറ്റിലെ പാര്‍വ്വതിയും, നെറ്റിലെ സ്ത്രീകളുടെ കാമപരിതപ്തതയെ കുറിച്ചു ഗോസിപ്പെഴുതുന്ന ബ്ലോഗര്‍ ബെര്‍ളി തോമസുമാരും ഉള്ളതുകൊണ്ടു ബിന്ദിയ നായിക്കെന്ന കഥാപാത്രം സഹകളിക്കാരിയെപ്രതി ദോഷം ചിന്തിക്കുമ്പോള്‍ ചുരുങ്ങിയതു് ഈ ലേഖകനു ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ സമൂഹം സംസ്ഥാനങ്ങളില്‍, മതവിഭാഗങ്ങളില്‍, ലിംഗപരമായി, ഇവയിലെല്ലാം വേര്‍തിരിഞ്ഞു നില്‍ക്കുമ്പോള്‍ നാനാത്വത്തിലെ ഏകതയെ കുറിച്ചു ഓതി തന്നിരുന്ന പ്രാഥമികവിദ്യാലയത്തിലെ അദ്ധ്യാപകരെ കാരുണ്യത്തോടെ ഓര്‍ത്തുപോകുന്നു.

കളി ഇന്ത്യ ജയിക്കുന്നു. ദേശീയത എന്നതു ചൂടുള്ള ഒരു വികാരമാണു്, അതു് എളുപ്പം ഉണര്‍ത്താവുന്നതും, കേള്‍ക്കാനും അനുഭവിക്കുവാനും സുഖമുള്ളതുമായ വികാരമാണു്. ചക് ദെ ഇന്ത്യ സിനിമാഹാളിലെ ഇരുട്ടില്‍ അതു പ്രദര്‍ശിപ്പിക്കുന്ന നേരമത്രയും ദേശീയതയെ കുറിച്ചു് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു, ആ വികാരത്തില്‍ കാണികളെ ഇളക്കിമറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ കണ്ടു പുറത്തിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചു പോകുന്നതു കേരളീയനും ബീഹാറിയും പഞ്ചാബിയുമൊക്കെ ആയിട്ടാണു്‌. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന കാണികള്‍ പിന്നെയും തല പുറത്തു കാട്ടുന്ന സ്ത്രീയെ ദോഷത്തോടെയേ കാണുകയുള്ളൂ. ഷിമിത് അമിന്‍ പോയിട്ട് ഗാന്ധി വന്ന് സിനിമയെടുത്താലും വെള്ളിത്തിര മയക്കിവയ്ക്കുന്ന സ്വപ്നസദൃശ്യമായ സാങ്കല്പികതയില്‍ മാത്രമെ ഇന്ത്യന്‍ സമൂഹം ഇന്ത്യക്കാരനായി ഇരിക്കുവാന്‍ മോഹിക്കുന്നുള്ളൂ. ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനത്തിലെ മൂന്നു മണിക്കൂറെങ്കിലും ഇന്ത്യയെ കുറിച്ചോര്‍ത്തു്, ഇന്ത്യക്കാരനായിരിക്കുവാന്‍ കഴിഞ്ഞേയ്ക്കും എന്നതാണു് ഈ സിനിമ നല്‍കുന്ന അനുഭവത്തിന്റെ തെളിച്ചത്തിലുള്ള വിചാരം.

Read Full Post »

മരച്ചില്ലകള്‍ക്കിടയിലൂടെ കണ്ടു തുടങ്ങുന്ന ഒരു വെണ്ണക്കല്‍ മന്ദിരം.

തെളിഞ്ഞുവരുന്ന ദൃശ്യത്തില്‍, താജ്.

യമുനയുടെ തീരം, കിളികളുടെ കളകൂജനങ്ങള്‍ക്കൊപ്പം നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.

താജിന്റെ സൌന്ദര്യത്തില്‍ വിസ്മയിച്ചു നില്‍ക്കുന്ന സ്ത്രീകഥാപാത്രം, അവര്‍ക്കൊപ്പം അതേ വികാരം പങ്കിടുന്ന ഒരു പുരുഷന്‍.

പുല്‍‌ച്ചെടികളുടെ മറവില്‍ നിന്ന് ഇരുവരും യമുനയുടെ തീരത്തിലേയ്ക്കു നടന്നെത്തുന്നു.

യമുന, നദിയില്‍ വെണ്ണക്കല്ലുകള്‍ താജായി പ്രതിഫലിക്കുന്ന കാഴ്ച.

സംഗീതം, നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.

അതിനു പക്ഷെ മരണത്തിന്റെ ഈണമില്ലേ? ശ്രദ്ധിച്ചു കേള്‍ക്കൂ അത് മരണത്തിന്റെ ഈണമല്ലേ?

[വീഡിയോ മണിരത്നത്തിന്റെ ‘മൌനരാഗം’ എന്ന ചലച്ചിത്രത്തിലേതു്, ചിത്രത്തിലെ സ്ത്രീപുരുഷന്മാര്‍ രേവതിയും മോഹനും. താജ് എന്നില്‍ പ്രതീകവല്‍ക്കരിക്കുന്ന എല്ലാ വികാരങ്ങളുടേയും സമ്മിശ്രിതമാണ് ഏതാനും നിമിഷങ്ങളില്‍ കെട്ടുപോകുന്ന ഈ ചലച്ചിത്രഭാഷ്യം.]

Read Full Post »