Feeds:
Posts
Comments

Mothers day

അനിയത്തീ,
ഇപ്പോൾ നിന്നെയോർക്കാറു് അമ്മയെന്നാണു്!

ചിത്രത്തിലെ ആന
ദീര്‍ഘചതുരത്തില്‍
നീലമറവിയില്‍
പച്ചഓര്‍മ്മയില്‍

ചിത്രത്തില്‍ നിന്നു്
ഇറങ്ങിയോടുമെന്നു
കുട്ടികള്‍ പോലും
ശങ്കിക്കുകയില്ല

ഉയര്‍ത്തിയ വാല്‍
ഒരു ചലനത്തിന്റെ
തുടര്‍ച്ചയില്‍
മരവിച്ചുപോയത്
മരണപ്പെട്ടുപോയത്

രണ്ടു
പൂക്കാലങ്ങള്‍ക്കിടയിലെ
കുറിഞ്ഞിയുടെ മറവി

എന്തൊരു ഏകാന്തത!
ഞാന്‍ അതിശയിച്ചു

അതെ,
വലിയ ശരീരമല്ലേ
അതനുസരിച്ചുള്ള
ഏകാന്തത വേണമല്ലോ!
മറുപടി വന്നു.

Note: ആഫ്രിക്കന്‍ ആനയുടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയ്ക്ക് കോപ്പീറൈറ്റുള്ളത്. ഫോട്ടോഗ്രാഫര്‍: Beverly Joubert.

കാത്തുനിന്നു കാത്തുനിന്നു് ഊഴമെത്തുമ്പോഴേയ്ക്കും ഊഴക്കാര്‍ അപ്രസക്തരാവുന്ന സന്ദര്‍ഭങ്ങളുടെ ആകസ്മികതയോര്‍ത്തു്, അവഗണിക്കാനാ‍വാത്ത വിധം കാത്തിരിപ്പു് അസഹ്യമാവുന്നതിനാല്‍ ഒരിക്കല്‍ പോലും ഒരു വരിയുടെ ഇടയിലും ഉള്‍പ്പെട്ടതായി കണ്ടെത്തുവാന്‍ കഴിയാത്ത ജോസഫിനെ അറിയുമോ?

ജോസഫിനെ തേടി സമ്പതിയും ഇക്ബാലും കരുണനും ഒട്ടനവധി അലഞ്ഞിട്ടുണ്ടു്‌. ജോസഫ് മരിച്ചിട്ടില്ലെന്നും, മരണത്തിന്റെ ആകസ്മികത മാത്രമാണു് അയാളെ തളര്‍ത്താത്തതെന്നും അപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു.

ഇക്ബാല്‍ ജോസഫിനെ ഓര്‍മ്മിക്കുന്നതു്:-

പ്രീ-യൂണിവാഴ്സിറ്റി ഹോസ്റ്റലില്‍ നിന്നാണു് ഇക്ബാല്‍ ജോസഫിനെ ആദ്യം പരിചയപ്പെടുന്നതും അടുത്തറിയുന്നതും. ഹോസ്റ്റല്‍ റൂം അലോട്ട് ചെയ്യുന്ന വാര്‍ഡന്‍ മുറികളുടെ നമ്പറുകളും അതിന്റെ പുതിയ അവകാശികളുടെ പേരും ഉറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കാതിരിക്കുവാന്‍ ജോസഫ് തന്റെ അപ്പച്ചന്‍ കുവൈത്തില്‍ നിന്നു കൊടുത്തയച്ച വാക്ക്‍മാന്‍ സ്റ്റീരിയോയുടെ ഹെഡ്‌സെറ്റിനുള്ളില്‍ സന്യസിച്ചു. അയാളുടെ മാഗ്നറ്റിക് ടേപ്പിലെപ്പോഴും ഒറ്റ ഗാനമേ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം ഗാനങ്ങളുടെ ക്രമം രേഖപ്പെടുത്തിയ റെക്കോര്‍ഡിന്റെ ഓവര്‍‌‌ലീഫ് അയാള്‍ കൈയെത്തുന്നയിടത്തു തന്നെ സൂക്ഷിച്ചിരുന്നു.

മുറിയിലേയ്ക്കു് ഇക്ബാല്‍ കടന്നു ചെല്ലുമ്പോള്‍ ജോസഫ് തന്റെ ബെഡിങ്ങില്‍‍ കണ്ണടച്ചിരിക്കുകയായിരുന്നു. കതകു തുറന്ന ഇക്ബാലിനെ അയാള്‍ വളരെ സാധാരണത്വത്തോടെ പരിചയപ്പെട്ടു. അവര്‍ സുഹൃത്തുക്കളായി. ജോസഫിനെ സംബന്ധിച്ചിടത്തോളം ഇക്ബാല്‍ കതകു തുറക്കുന്നതുവരെയുള്ള ആകസ്മികതയാണു് അസഹനീയം. ഒരാള്‍ എങ്ങനെ തന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നതല്ല ജോസഫിന്റെ വിഷയം, അയാള്‍ തന്നിലേയ്ക്കു കടന്നുവരുന്നതിന്റേയോ‍ അകന്നു പോകുന്നതിന്റെയോ ആകസ്മികതയാണു്, അതാലുണ്ടാവുന്ന അനിശ്ചിതത്വവും അപ്രതീക്ഷിതമായ ആ ഇടപെടലുകളുടെ തുടക്കവും ഒടുക്കവുമാണു ജോസഫിനെ അലട്ടുന്നതും തളര്‍ത്തുന്നതും. അതുകൊണ്ടു തന്നെയാണു ഫോണ്‍ ബില്‍ അടയ്ക്കുവാനുള്ളവരുടെ വരി കാണവേ അയാള്‍ വിളറിപ്പോകുന്നതും, അതു കഴിഞ്ഞാലുടന്‍ മറ്റു മനുഷ്യരെപ്പോലെ വളരെ സാധാരണ ഉപകരണമായി ടെലിഫോണിനെ കാണുന്നതും. ഫോണ്‍ ചിലപ്പോള്‍ നിന്നു പോയേക്കാവുന്നതും, ഒരപരിചിതന്‍ ആ ഫോണില്‍ വിളിച്ചു തന്റെ ജീ‍വിതത്തിലേയ്ക്കു കയറി വന്നേയ്ക്കാവുന്നതുമാ‍യ സാധ്യതകളെ ജോസഫ് സാധാരണ മനുഷ്യരുടേതു പോലെ കാണുന്നതും.

ഇക്ബാല്‍ ജോസഫിനെ ഓര്‍മ്മിക്കുന്നതില്‍ നിന്നറിയുന്നതു് അയാളുടെ വരവു ജോസഫില്‍ മറ്റൊരു ആകസ്മികതയേയും വരുത്തിവച്ചില്ലെന്നല്ല. ചുരുങ്ങിയതു് ഇക്ബാല്‍ എപ്പോള്‍ തന്റെ റൂമിനകത്തുനിന്നു് ഇറങ്ങിപ്പോകുമെന്നു ജോസഫ് അതിശയിച്ചിരുന്നു, അതിനാല്‍ തന്നെ ജോസഫ് അസാധാരണാമാംവിധം ഇക്ബാലിന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിഞ്ഞിരുന്നു. ഹോസ്റ്റല്‍‌മുറിയുടെ ചുമരില്‍ പതിച്ചിരുന്ന ടെസ്റ്റ് ക്രിക്കറ്ററുടെ വെളുത്ത വേഷത്തിലെ രവിശാസ്ത്രി, ഇടയിലെ ഒരു B തലതിരിച്ചെഴുതിയിരിക്കുന്ന ABBA -യുടെ പോസ്റ്റര്‍ എന്നിവയെല്ലാം ഇക്ബാല്‍ ഇറങ്ങിപ്പോകുമ്പോള്‍ എന്താകുമെന്നു ജോസഫ് ആലോചനയ്ക്കെടുത്തിരുന്നു. മുമ്പൊരിക്കലും സംഭവിക്കാതിരുന്ന വിധം ഇക്ബാല്‍ ജോസഫിനു സംഭവിച്ചിരിക്കുന്ന ആകസ്മികതകളെ അതിന്റെ അതിശയോക്തികളില്‍ നിന്നു വേര്‍പ്പെടുത്തുകയും പുതിയവയെ ആ സ്ഥാനത്തു ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. ഒരു ഡെബണൊയര്‍ മാഗസിന്‍, ചെഗുവേരയുടെ ഒരു വലിയ പോസ്റ്റര്‍, ഒരു നാടന്‍ ബോംബ്.

കണ്ണുകളില്‍ പീളകെട്ടിയിരിക്കുന്ന ഉറക്കത്തിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന ഹോസ്റ്റല്‍ മുറിയിലെ മഞ്ഞ നിറമുള്ള ഇന്‍കണ്ടസ
ന്റ് ലൈറ്റിന്റെ പ്രകാശത്തിനു ജാഗ്രതയില്‍ ജോസഫ് ഉറങ്ങുവാന്‍ കിടന്നു. ഇക്ബാല്‍ തന്റെ ലിംഗത്തില്‍ സ്പര്‍ശിക്കുമെന്നു അയാള്‍ ആധിപിടിച്ചിരുന്നു. എന്നിട്ടും ജോസഫ് ഉണര്‍ന്നു പോകും വിധം ഇക്ബാല്‍ അവനെ സ്പര്‍ശിച്ചപ്പോള്‍, അതെപ്പോള്‍ തീരുമെന്ന വിറയലില്‍ ജോസഫ് കരഞ്ഞുപോയി. ജോസഫ് ഇക്ബാലിന്റെ കഴുത്തില്‍ കൈയിട്ടു അയാളെ തന്നോടടുപ്പിക്കുകയും ഉടലോടു് ഉടല്‍ചേര്‍ത്തു വളഞ്ഞിരിക്കുകയും ചെയ്തു. ജോസഫിന്റെ മുലഞ്ഞെട്ടില്‍ ഇക്ബാല്‍ ചുണ്ടുകൊണ്ടു സ്പര്‍ശിച്ചു, പിന്നെ അതില്‍ കടിച്ചു.

ഉറക്കത്തിനു പൊതുവായുള്ള ആകസ്മികതയെ (എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്നേയ്ക്കാം) ‘ഇപ്പോള്‍ ഉറങ്ങുകയാണു്’ എന്ന റിസ്കായെടുത്തു് ഇക്ബാലിനെപ്പോലെ മറ്റു ആണുങ്ങളും തന്നെ സ്പര്‍ശിക്കുമെന്നു ജോസഫ് ഭയന്നിരുന്നു. ഒരു പക്ഷെ ലൈംഗികതയില്‍ തുടക്കത്തിനേയും ഒടുക്കത്തിനേയും സംബന്ധിക്കുന്ന ആകസ്മികതകള്‍ ഇല്ലായിരുന്നെങ്കില്‍ ജോസഫ് ഒരു സ്വവര്‍ഗ്ഗാനുരാഗി ആയിത്തീരുമായിരുന്നേനെ. ചുരുങ്ങിയതു് അയാള്‍ സ്ഥിരമായി സ്വയംഭോഗം ചെയ്യുവാനെങ്കിലും തുടങ്ങുമായിരുന്നു.

തുടക്കത്തിന്റേയും ഒടുക്കത്തിന്റേയും ഇടയിലെ ഇക്ബാലിന്റെ കൈയനക്കങ്ങളെ ജോസഫ് അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു.

ഇക്ബാല്‍ തന്റെ പങ്കില്‍ അവശേഷിച്ച മദ്യം ഒറ്റയിറക്കിനു തീര്‍ത്തുകൊണ്ടു തന്റെ അവസാനത്തെ ഓര്‍മ്മ പങ്കുവയ്ക്കുകയുണ്ടായി: ‘ജോസഫ് സ്ത്രീകളെ ഭയന്നിരുന്നില്ല. അയാളുടെ ഓര്‍മ്മയില്‍ സ്ത്രീകളെ രേഖപ്പെടുത്തിയിരിക്കുന്നതു തന്റെ മമ്മയാലാണു്. അവരുടെ മുലകുടിച്ചിരുന്നതാണു് അവന്റെ ആദ്യത്തെ ഓര്‍മ്മ. മറ്റു കുട്ടികളെ പോലെ എപ്പോള്‍ മുലകുടിച്ചു തുടങ്ങിയെന്നു് ജോസഫിനും ഓര്‍മ്മയില്ലാത്താതിനാല്‍ സ്ത്രീകള്‍ അവന്റെ ഓര്‍മ്മയിലെപ്പോഴും മുലയൂട്ടിക്കൊണ്ടിരുന്ന മമ്മയുടെ തുടര്‍ച്ച മാത്രമായിരുന്നു. ഒരു പക്ഷെ മരണത്തിന്റെ ആകസ്മികത അവനെ തെല്ലും ഭയപ്പെടുത്താതിരുന്നതു് അവന്റെ മമ്മ മരിച്ചുപോകുന്നതിനെ കുറിച്ചു യാതൊരു ധാരണയും അവനു് ആ സംഭവം നടന്ന സമയത്തു് ഇല്ലാതിരുന്നതു കൊണ്ടായിരിക്കണം. ആളുകള്‍ മരിക്കുമെന്നു പോലും അവനറിയില്ലായിരുന്നു. അവനപ്പോഴും മമ്മയുടെ മുലകുടിച്ചിരുന്നു.’

സമ്പതിയുടെ ഓര്‍മ്മ ഇക്ബാല്‍ ഏറ്റുപറയുന്നു:-

സമ്പതി തന്റെ നാലാമത്തെ പെഗ്ഗിനു ശേഷം ഉറങ്ങുവാന്‍ തുടങ്ങിയതാണു്. ഇക്ബാല്‍ അവനെ ശ്രമപ്പെട്ടു എഴുന്നേല്‍പ്പിക്കുകയും കുറച്ചധികം വെള്ളം കുടിപ്പിച്ചു വീണ്ടും ഉറങ്ങുവാന്‍ സമ്മതിക്കുകയും ചെയ്തു. ആ ക്രിയയിലെപ്പോഴോ സൂത്രത്തില്‍ സമ്പതിയുടെ ഓര്‍മ്മ മുഴുവനായും കട്ടെടുത്തതു പോലെയാണു് ഇക്ബാല്‍ അവന്റെ ഓര്‍മ്മയെ ശബ്ദാവിഷ്കരിച്ചതു്.

‘തൊണ്ണൂറ്റാറിലെ വേള്‍ഡ് കപ്പ് ഓര്‍ക്കുന്നില്ലേ? ജോസഫ് അതു് എനിക്കൊപ്പമാണു കാണുന്നതു്.’ ഇക്ബാല്‍ സമ്പതിയുടെ ഓര്‍മ്മയില്‍ പറഞ്ഞു.

കരുണന്‍ ആ വെളിപ്പെടുത്തലിന്റെ സ്വാര്‍ഥതയില്‍ പിടഞ്ഞുപോയി.

കരുണന്റെ ഇടപെടലുകള്‍:-

എന്നെങ്കിലും എന്റെ ഓര്‍മ്മകളും നീ കട്ടെടുക്കുകയാണെങ്കില്‍ എന്റെ പ്രിയ ഇക്ബാലേ, ഞാന്‍ ബാലടീബിക്കാരിയായി വളര്‍ന്ന മഞ്ജുഷയെ ഉമ്മ വച്ചതു്, അവളുടെ ഉമിനീരിലെ ടോണിക്കിന്റെ സ്വാദ് ചവര്‍പ്പോടെ അറിഞ്ഞതു്, വിവാഹത്തലേന്നു ഒരിക്കലും പശ്ചാതപിക്കേണ്ടി വരില്ലെന്ന ആത്മനിറവോടെ അവള്‍ ജാക്കറ്റിന്റെ കുടുക്കുകള്‍ ഓരോന്നായി വിടര്‍ത്തിയതും തന്റെ ചെറിയ മുലകള്‍ കാണിച്ചു തന്നതും… അവളുടെ മരണത്തില്‍ കരയാതിരുന്നതും…

എനിക്കെന്ന വാക്കാല്‍ ഇക്ബാല്‍ നടത്തിയ പിടിച്ചെടുക്കല്‍ ഇക്ബാലിനെ വേദനിപ്പിക്കുന്നുണ്ടു്. അതാണു കരുണനെ കരയിപ്പിക്കുന്നതും. ചിലപ്പോള്‍ തിരിച്ചുമാവാം, സമ്പതിയുടെ ഓര്‍മ്മകളെ എനിക്കെന്ന വാ
്കാല്‍ ഇക്ബാല്‍ പിടിച്ചെടുക്കുന്നതു കരുണനെ കരയിപ്പിക്കുന്നുണ്ടു്. അതാണു് ഇക്ബാലിനെ വേദനിപ്പിക്കുന്നതും.

സമ്പതിയുടെ ഓര്‍മ്മ, ഇക്ബാലിന്റെ കരച്ചില്‍, കരുണന്റെ ഉറക്കം, ജോസഫിന്റെ മരണം.

ഒരു ചേരുമ്പടി ചേര്‍ക്കുവാനുണ്ടു്.

കമല ജോസഫിനെഴുതിയ കത്തു്:-

ജോസഫിനോര്‍മ്മയുണ്ടോ നീ ഒരു പരീ‍ക്ഷയ്ക്കും സമയത്തിനെത്താതിരുന്നതു്? എല്ലാ പരീക്ഷാസമയങ്ങളും ജോസഫിനു ഞാനായിരുന്നു തെറ്റിച്ചു പറഞ്ഞുതന്നിരുന്നതു് – എപ്പോഴും അരമണിക്കൂര്‍ വൈകിപ്പിച്ചുകൊണ്ടു്.

പരീക്ഷകള്‍ തുടങ്ങുന്നതിന്റെയും, ചോദ്യപ്പേപ്പര്‍ കാത്തിരിക്കുന്നതിന്റെയും, ചോദ്യങ്ങള്‍ മാറിപ്പോകുന്നതിന്റേയും, റജിസ്ട്രേഷന്‍ നമ്പര്‍ കണ്ടുപിടിക്കുവാന്‍ കഴിയാത്തതിന്റേയും, അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവയ്ക്കപ്പെടുന്നതിന്റേയും ആകസ്മികതകളപ്പാടെ നിര്‍വീര്യമാവുകയാണു പരീക്ഷയ്ക്കു് അരമണിക്കൂര്‍ വൈകുമ്പോള്‍ സംഭവിക്കുന്നതു്. വൈകിയെത്തുന്നവരെ പ്യൂണ്‍ കൃത്യമായി പരീക്ഷാഹാളിലെത്തിക്കുന്നു, ചോദ്യപേപ്പര്‍ അവരെ കാത്തിരിക്കുന്നു, അരമണിക്കൂറിനു ശേഷം ഒരു പരീക്ഷയും മാറ്റിവയ്ക്കാറുമില്ല.

എത്ര സമര്‍ഥമായാണു നിന്നെ വിഡ്ഢിയാക്കിക്കൊണ്ടു നിന്റെ പ്രശ്നങ്ങളെ ഞാന്‍ അഭിമുഖീകരിക്കുവാന്‍ ശ്രമിച്ചതെന്നറിയുന്നുവോ ജോസഫ്? നീയാ കളികള്‍ തിരിച്ചറിയാതെയാവില്ല, നിനക്കൊരു വിശ്വാസത്തിന്റെ കുറവേ ഉണ്ടായിരുന്നുവുള്ളെന്നു് എന്റെ മനസ്സെപ്പോഴും പറഞ്ഞിരുന്നു.

ഒരു പക്ഷെ തൊണ്ണൂറ്റാറിലെ മാര്‍ച്ചു മാസത്തില്‍ നീ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകുന്നതു വരെ അപ്രകാരം തന്നെയായിരുന്നു ഞാന്‍ കരുതിയിരുന്നതു്. പോകെ പോകെ എനിക്കു തോന്നി നിനക്കൊരു വിശ്വാസത്തിന്റെ കുറവേയുള്ളെന്നു്, നിന്നെത്തന്നെ നീ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുകയാ‍യിരുന്നുവെന്നു്.

അരമണിക്കൂര്‍ വൈകിപ്പോയ പരീക്ഷകളില്‍ പലതും നീ എഴുതിയിരുന്നില്ലെന്നു പിന്നീടെപ്പോഴോ ആണു ഞാന്‍ അറിയുന്നതും.

കരുണന്‍ അന്യരുടെ ഓര്‍മ്മകളിന്മേലുള്ള തന്റെ ഇടപെടലുകള്‍ തുടരുന്നു:-

കരുണന്‍ ഒരു ഗോള്‍ഡ്‌ഫ്ലേക്ക് ആഞ്ഞുവലിച്ചു. എന്നിട്ടു സഗൌരവത്തില്‍ ഇക്ബാലിനോടു ചോദിച്ചു:

ക: തൊണ്ണൂറ്റാറിലെ ഏതു കളി?

ഇ: ഇന്ത്യ വേഴ്സസ് ശ്രീലങ്ക.

ക: ഗ്രൌണ്ട്?

ഇ: ഈഡന്‍ ഗാര്‍ഡന്‍.

ക: ഐ ഹേറ്റ് ജയസൂര്യ. ഐ സ്റ്റില്‍ ഹേറ്റ് ഹിം. കരുണന്‍ തൊണ്ണൂറ്റാറിനെ ഓര്‍ക്കുവാന്‍ ശ്രമിച്ചു.

സമ്പതി ഉറക്കത്തില്‍ നിന്നു പിടഞ്ഞെഴുന്നേറ്റു പറഞ്ഞു: ‘അതിനു മുമ്പത്തെ കളിയില്‍ ജയസൂര്യ വെടിക്കെട്ടായിരുന്നു. ഈഡന്‍ ഗാര്‍ഡനില്‍ ജയസൂര്യ എത്രയധികം ഓവറുകള്‍ നില്‍ക്കുമെന്ന ജോസഫിന്റെ എല്ലാ ഭയപ്പാടുകളേയും തിരസ്കരിച്ചു കൊണ്ടാണു് അയാള്‍ ആദ്യത്തെ ഓവറില്‍ ഔട്ടായിപ്പോയതു്.’

ക: അപ്പോള്‍ ജോസഫിനെ കീഴടക്കിയ ആകസ്മികത ജയസൂര്യയല്ലേ?

സ: അല്ല. അയാള്‍ ശ്രീനാഥിന്റെ പന്തില്‍ ഔട്ടായതു ജോസഫിന്റെ പേടികളെ തിരിച്ചു കൊണ്ടുവരുന്ന ഒന്നായിരുന്നു. പേടികളുടെ തുടക്കം മാത്രം. ഡിസില്‍‌വ. അയാളാണു പിന്നെയതു വളര്‍ത്തിയതു്. അയാള്‍ ഒരിക്കലും ഔട്ടാവില്ലെന്നു തോന്നിപ്പിച്ചു. ജോസഫ് ആ കളിക്കിടെയാണു് ആദ്യമായി ഓടിപ്പോകുന്നതു്‌. ഓടിപ്പോയയിടത്തു നിന്നു മറ്റൊരു ഓടിപ്പോകലിനു തുനിഞ്ഞിട്ടില്ലെങ്കില്‍ അവസാനമായും.

ഓടിപ്പോകുമ്പോ‍ള്‍ ആകസ്മികമല്ലേ തുടര്‍ന്നു സംഭവിക്കുന്ന എല്ലാം? അതിലവന്‍ ഭയപ്പെട്ടിരുന്നില്ലേ? കരുണന്‍ ചോദിച്ചു.

ഇ: ഒരു പക്ഷെ, ഈ ഓടിപ്പോകലുകള്‍ ആദ്യമേ തന്നെ പ്ലാന്‍ ചെയ്തുകൊണ്ടു് അതിന്റെ ആകസ്മികതയെ ജോസഫ് തല്ലിക്കെടുത്തിയിരിക്കണം. ഒരു മുറിവിനുള്ള മരുന്നെല്ലാം നമ്മള്‍ സ്വന്തം ഉമിനീരില്‍ കൊണ്ടു നടക്കുന്നില്ലേ?

ആ ഉപമ ഒരു മുറിവിനോളം ന
റ്റുന്നതും, അത്ര തന്നെ സ്വൈര്യം കെടുത്തുന്നതുമായിരുന്നു. ഇക്ബാല്‍ അതു പറയേണ്ടിയിരുന്നില്ല കരുണന്‍ ഓര്‍ത്തു. സമ്പതി ഉറങ്ങുവാന്‍ തുടങ്ങി.

ചിലപ്പോഴെല്ലാം പേടിക്കുന്നവ സംഭവിക്കാതെയിരിക്കുന്നു. പേടി അതേപടി അവശേഷിക്കുന്നു.

ജയസൂര്യ – ഡിസില്‍‌വ. ജോസഫ് – ?

കരുണനില്‍ പേടി അവശേഷിച്ചു. അയാള്‍ മെല്ലെ കരഞ്ഞു തുടങ്ങി. ഇക്ബാല്‍ ഉറക്കമായി. കരുണന്‍ കരച്ചില്‍ തുടര്‍ന്നു. പിന്നെ പിന്നെ മറ്റൊരു കരച്ചില്‍ ഒപ്പം കേട്ടു തുടങ്ങി.

ആ കരച്ചില്‍ കരുണനു പതിയെ തിരിച്ചറിയാമെന്നായി, ഒരു ആട്ടിന്‍‌കുട്ടിയുടെ കരച്ചില്‍.

ജോസഫിനെ കുറിച്ചു് ആട്ടിന്‍‌കുട്ടി കരുണനോടു പറഞ്ഞതു്:-

ജോസഫിനൊന്നു് ഉറങ്ങണമെന്നേ ഉണ്ടായിരുന്നുള്ളൂ. അവന്‍ ആദ്യം കണ്ട ഒരു വേശ്യയോടു് അവനു എവിടെയെങ്കിലും കിടന്നു് ഉറങ്ങണമെന്നു പറഞ്ഞു. അവള്‍ ഭേദപ്പെട്ട നിലയുള്ളവളും സ്വന്തമായി ഒരു വീടുള്ളവളും ആയിരുന്നു. ജോസഫിനെ അവള്‍ തന്റെ വീട്ടിലേയ്ക്കു് ഒപ്പം കൂട്ടിക്കൊണ്ടുപോയി. അവന്‍ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ അവളും ചേര്‍ന്നുകിടന്നു. ജോസഫ് ചെരിഞ്ഞു കിടക്കുകയും അവളോടു അപ്രകാരം തന്നിലേയ്ക്കു ചെരിഞ്ഞു കിടക്കുവാന്‍ ആവശ്യപ്പെടുകയുമുണ്ടായി. ജോസഫ് തന്റെ മമ്മയെ ഓര്‍ത്തുകൊണ്ടു് അവളുടെ മുലകുടിച്ചു ഉറങ്ങുകയും ചെയ്തു. പാതിരാത്രി അവളെ അറിയാവുന്നവര്‍ ആരോ അവളുടെ വാതില്‍‌ക്കല്‍ മൂന്നു തവണ മുട്ടി ഒച്ചയുണ്ടാക്കി. അവള്‍ ജോസഫിനെ തനിച്ചു കിടത്തി അല്പനേരത്തേയ്ക്കു മാറിപ്പോയി. രാത്രിയിലെപ്പോഴോ അവള്‍ വീണ്ടും ജോസഫിനു മുലകൊടുക്കാന്‍ വരികയുണ്ടായി. കോണ്‍ ഐസ്ക്രീമിന്റെ മണമായിരുന്നു അവള്‍ക്കപ്പോള്‍. രാത്രി പിന്നെയും ഏറെച്ചെന്നപ്പോള്‍ റെയില്‍‌വേ ഗേറ്റ് അടച്ചിട്ടു ഗാര്‍ഡ് ആ വഴിയേ വന്നു് അവളുടെ വാതില്‍‌ക്കല്‍ മുട്ടുകയുണ്ടായി.

ദൈവമേ… ജോസഫ് വിലപിച്ചു.

അപ്പോള്‍ ഇറങ്ങിപ്പോയവനു് ഇരുമ്പു റെയിലുകളുടേയും സ്ലീ‍പ്പറുകളുടേയും മണമായിരുന്നു.

ജോസഫ് തന്റെ ഓര്‍മ്മയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏക മരണരംഗത്തെ അനുസ്മരിച്ചു:

സുകുമാരാ നന്ദകുമാരാ… എന്ന കഥകളിപ്പദം.

അതിലെ വാത്സല്യത്തെ, മരണപ്പിടച്ചിലുകളെ, അമ്മിഞ്ഞമണത്തെ, മരണത്തെ തന്നെയും വരിവരിയായി ഓര്‍ത്തെടുത്തു.

പിന്നെ അവന്‍ ആ വേശ്യയെ ഇറുക്കെപ്പിടിക്കുകയും ഒരു തേങ്ങല്‍ മാത്രം പുറത്തു വെളിപ്പെടുത്തിക്കൊണ്ടു അവളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമാണുണ്ടായതു്.

‘ജോസഫോ?’ കരുണന്‍ ഉറക്കത്തില്‍ കരയുന്നവന്റെ ശബ്ദത്തോടെ ചോദിച്ചു.

വാതില്‍ക്കല്‍ മൂന്നു തവണ മുട്ടി കടന്നുവരുന്നത്ര ലളിതമാണു മരണമെന്നറിഞ്ഞാല്‍, അതിന്റെ ആകസ്മികതയില്‍ ഭ്രമിച്ചു പോയേക്കാവുന്ന ജോസഫ് എന്തു ചെയ്യുമായിരിക്കും?

ആട്ടിന്‍‌കുട്ടി സ്നേഹത്തോടെ കരുണനെ നോക്കി. അതിനപ്പോള്‍ റെയില്‍‌‌പാതയോരങ്ങളില്‍ വളരുന്ന ചെടികളുടേയും മനുഷ്യരുടേയും മണമാണുണ്ടായിരുന്നതു്. അതിന്റെ കണ്ണുകളില്‍ റെയില്‍‌വേ ഗേറ്റിന്റെ മഞ്ഞയും കറുപ്പും നിറങ്ങള്‍ ഇടകലരുന്നതിന്റെ പ്രാചീനതയില്‍ ഗേറ്റിനു മുകളിലെ അപായസൂചന പ്രതിഫലിക്കുകയും ചെയ്തിരുന്നു.

ആട്ടിന്‍‌കുട്ടി ഓടിപ്പോയി.

കരുണന്‍ അനാഥമാക്കപ്പെട്ട ഒരു റെയില്‍‌വേ ഗേറ്റ് ഓര്‍ത്തെടുത്തു. ആ വഴിയേ ട്രെയിനുകള്‍ കടന്നുപോകുവാന്‍ വേണ്ടി ഗേറ്റ് അടച്ചു കാത്തിരിക്കുന്നതിന്റേയും, പിന്നെ ഒരു ആരവത്തോടെ ഇരുമ്പുകൂടുകളുടെ ദൃഢതയാല്‍ മനുഷ്യക്കൂട്ടങ്ങളെ പൊതിഞ്ഞെടുത്തു കടന്നുപോകുന്ന ട്രെയിനിന്റേയും ആകസ്മികതകളെ കുറിച്ചോര്‍ത്തു. ജോസഫിനെ കുറിച്ചോര്‍ത്തു. നിത്യതയിലേയ്ക്കു തുറന്നിട്ടിരിക്കുന്ന റെയില്‍‌വേ ഗേറ്റ്. റദ്ദ് ചെയ്യപ്പെട്ട ആകസ്മികതകള്‍. ഗേറ്റ് അടയുന്നതിന്റെ, ഗേറ്റ് തുറക്കുന്നതിന
്റെ.

കരുണനു കരയണമെന്നു തോന്നി, അവന്‍ കരഞ്ഞപ്പോള്‍ അതിനു് ഒരു ആട്ടിന്‍‌കുട്ടിയുടെ കരച്ചിലിനോടു സാമ്യമുണ്ടായിരുന്നു.

ആട്ടിന്‍‌കുട്ടിയോടു സംസാരിക്കുന്ന കരുണനെ കമല ഒരു സ്വപ്നത്തില്‍ കാണുന്നു:-

കമലയുടെ കുഞ്ഞു് ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അവള്‍ കുഞ്ഞിനോടു ചേര്‍ന്നുകിടക്കുകയും അതിനു മുലയൂട്ടുകയും, താരാട്ടിന്റെ മൂളക്കത്തില്‍ ചില അമ്മമാര്‍ സ്വയമേ ഉറങ്ങിപ്പോകുന്നതു പോലെ അവളുറങ്ങുകയും ചെയ്തു. കമലയുടെ വാതില്‍ രാത്രിയിലെപ്പോഴോ ശബ്ദിച്ചു. അവള്‍ ഉറക്കം വിട്ടെഴുന്നേറ്റു വാതില്‍ക്കലേയ്ക്കു നടന്നു. വാതില്‍ക്കല്‍ നിന്നു്‌ ഒരു ആട്ടിന്‍‌‌കുട്ടി കമലയെ നോക്കി.

‘കരുണന്‍?’ അവള്‍ ചോദിച്ചു തുടങ്ങിയതേയുള്ളൂ. ആട്ടിന്‍‌കുട്ടി ഉറക്കത്തില്‍ കരയുന്നതുപോലെ കരഞ്ഞു.

കമല പതറിപ്പോയി. അവളുടെ കുഞ്ഞുണര്‍ന്നു കരയുവാന്‍ തുടങ്ങി. വാതിലടച്ചു് അവള്‍ കുഞ്ഞിനരികിലേയ്ക്കു വന്നു. പിന്നെ അവനരുകില്‍ കട്ടിലിലിരുന്നു.

കമലയുടെ കുഞ്ഞു ചുണ്ടുപിളര്‍ത്തി.

‘ജോസഫേ, എന്റെ ഉണ്ണിക്കണ്ണാ നിറയെ കുടിച്ചോള്ളൂ.’

കമല ശാന്തതയോടെ കിടന്നുകൊടുത്തു.

കടലിറങ്ങുമ്പോള്‍
ചെറുതും വലുതുമായ
നീര്‍ക്കുഴികള്‍
കടലിന്റെ
ഓര്‍മ്മയാകും

ചിറയില്‍
ഒരയല
ഒരു ദ്വീപ്

മണ്ണടരുകളില്‍
ഒറ്റപ്പെട്ടുപ്പോയ
വെള്ളച്ചാലുകളില്‍
ഒരാകാശം
പൊട്ടിവീണ്
കടല്‍ നിറയും

നീര്‍ക്കെട്ടുകളുടെ
ഉപ്പുരസം
ഇറങ്ങിപ്പോയ
കടലിന്റെ
കണ്ണീര്‍

-!-

അവസാനത്തെ
ഒരുപിടി
ചോറില്‍
വെള്ളമൊഴിച്ചു
അമ്മ
കലഹിക്കുന്നത്

പ്രണയം
ഒരു അയലയും
ഒരു മത്തിയും
പാര്‍ക്കുന്ന
ചിറയിലെ
മിഥാകുന്നത്

കടല്‍
ഇറങ്ങുന്നത്

-!-

പീലിവിടര്‍ത്തിയ മയിലിന്റെ
അകാല്പനികതയിലേയ്ക്കു
കൂറുമാറിയ
ഒരു കുറ്റിച്ചെടി

ഒരു ബോണ്‍സായ് പേരാല്‍
അതിരിന്റെ അകലത്തിലേയ്ക്കു
നീക്കിനിര്‍ത്തപ്പെട്ട
ബോഗേന്‍വില്ലകള്‍

ഉച്ചനേരത്തെ
മഴക്കഞ്ഞിക്കുള്ള ക്യൂവില്‍
ശിലായുഗപ്രാചീനതയിൽ
നാടന്‍ കാട്ടുമുല്ല

മേല്പോട്ടു മഴയുന്നതിന്റെ*
ആശ്ചര്യത്തില്‍
പ്ലാശും ചമ്പയും

നാലുമണിക്കു വിരിയാതിരിക്കുമ്പോള്‍
ക്ലാസില്‍ നിന്നു പുറത്താക്കപ്പെടുന്ന
ചില മഞ്ഞയും ചുവപ്പും പൂക്കള്‍

പരാഗണത്തിന്റെ ഓര്‍മ്മകളാല്‍
വഞ്ചിക്കപ്പെടുകയും,
ചരിത്രസ്മൃതിയുടെ
തണല്‍മരങ്ങളെന്ന നാട്യത്തില്‍
കുലയരിയപ്പെടുന്ന ഈന്തപ്പനകള്‍

കാഴ്ചയ്ക്കെത്രയെത്ര മരങ്ങള്‍
ഒറ്റയ്ക്കൊറ്റയ്ക്കങ്ങിനെ

കുരലരിയപ്പെടുന്ന സ്വത്വബോധങ്ങളുടെ
പൂന്തോട്ടക്കാരാ
വെറുതേ ഭംഗിയ്ക്കായ്
നീയേതു
ഈന്തപ്പനയെയാണു വളര്‍ത്തുന്നതു്?

* മഴ പെയ്യുന്നു എന്നതിനെ എന്തുകൊണ്ടു മഴയുന്നു എന്നെഴുതിക്കൂടാ എന്നു അത്ഭുതപ്പെടുന്ന സിദ്ധാര്‍ഥനു കടപ്പാട്.