ഉറക്കെക്കരയുവാനുള്ള
രണ്ടാമത്തെ ഊഴത്തിലാണു്
തള്ളക്കോഴി
കളവുപോയ മുട്ടയെക്കുറിച്ചുള്ള
ജാഗ്രതയിലേയ്ക്കു വീണുപോയതു
അതിനു ശേഷമാണു്
ഓരോ അരനിമിഷത്തിലും
തലവെട്ടിച്ചു
ഇരുപുറവും നോക്കിത്തുടങ്ങിയതു്
അരിച്ചാക്കിൽ
മുട്ടകൾ ഒളിപ്പിച്ചു തുടങ്ങിയതു്
ഒളിപ്പിച്ചയിടങ്ങൾ മറന്നു തുടങ്ങിയതും
ചികഞ്ഞുകിട്ടുന്ന തീറ്റയിലെ
പഴകിയ ഓംലെറ്റിന്റെ ദുസ്വാദിനെ
മുട്ടകളിലേയ്ക്കു വിവർത്തനം ചെയ്യേണ്ടത്
എങ്ങനെയാണെന്നറിയുമോ തള്ളക്കോഴീ?
അടയിരിക്കുവാൻ തേടിയെടുത്തയിടങ്ങൾ
മറക്കുന്നതെങ്ങിനെയെന്നു പറഞ്ഞുതരുമോ പകരം?